മീനങ്ങാടി: ജോയലിനെ അറിയുന്നവർ പറയും - 'അവനൊരു അത്ഭുത ബാലനാണ്". കഴുത്തിന് താഴെ പൂർണമായി തളർന്നിട്ടും കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ഈ പതിനാറുകാരൻ വരച്ചത് 1500 മനോഹര ചിത്രങ്ങൾ. മീനങ്ങാടിയ്ക്ക് സമീപം കാരച്ചാലെന്ന ഗ്രാമത്തിൽ കണ്ടംമാലിയിൽ ബിജു വിന്റെയും ഡീനയുടെയും മകനായ ജോയലിൽ രണ്ട് വയസ് വരെ എല്ലാ കുട്ടികളെയും പോലെയിരുന്നു. സഹോദരി അൻസിയയോടൊപ്പം കളിചിരിയായി വീട്ടിലോടി നടന്നു. മൂന്നാം വയസു മുതലാണ് അവന്റെ ജീവിതം ഇടറാൻ തുടങ്ങിയത്.
ക്രമേണ കാലുകൾ വളഞ്ഞു. തുടർന്ന് ചികിത്സ തുടങ്ങിയെങ്കിലും പേശികളെ ഓരോന്നായി തളർത്തുന്ന 'മസ്കുലർ ഡിസ്ട്രോഫി" എന്ന രോഗം ജോയലിനെ തളർത്തി. ആദ്യമൊക്കെ സ്കൂളിൽ പോയിരുന്ന ജോയലിന് കാലിടറി വീണ് പരിക്കേൽക്കുന്നത് പതിവായി. തുടർന്ന് പഠനം ഉപേക്ഷിച്ചു. ഒമ്പതാം വയസിൽ വീൽചെയർ ജീവിതത്തിന്റെ ഭാഗമായി.
വഴിത്തിരിവേകിയ ചന്ദ്രിക ടീച്ചർ
രണ്ട് വർഷം മുമ്പ് ജോയലിനെ പഠിപ്പിയ്ക്കാനെത്തിയ ചന്ദ്രിക ടീച്ചറാണ് അവനിലെ ചിത്രകാരനെ തിരിച്ചറിഞ്ഞത്. വിവരങ്ങളറിഞ്ഞ് ചന്ദ്രികയുടെ സുഹൃത്തുക്കളും കാസർകോട് സ്വദേശികളുമായ അനിതാകുമാരിയും ചിത്രകാരൻ കെ.ആർ.സി. തായന്നൂരും ജോയലിന്റെ വീട്ടിലെത്തി. തുടർന്ന് കെ.ആർ.സിയുടെ ശിക്ഷണത്തിൽ വായിൽ ബ്രഷ് കടിച്ച് ജലഛായാ ചിത്രങ്ങൾ വരയ്ക്കാൻ തുടങ്ങി. ചുരുങ്ങിയ സമയം കൊണ്ട് ജോയലിന്റെ ചിത്രങ്ങൾ നാട്ടിൽ വിസ്മയമായി. കഴിഞ്ഞ വർഷം സംസ്ഥാന സർക്കാരിന്റെ 'ഉജ്ജലബാല്യം" പുരസ്കാരം കിട്ടിയത് ജോയലിനായിരുന്നു. വായും കാലും കൊണ്ട് ചിത്രം വരയ്‌ക്കുന്ന കലാകാരൻമാരുടെ കൂട്ടായ്മയായ എം.എഫ്.പി.എയിൽ അംഗത്വം ലഭിച്ച പ്രായം കുറഞ്ഞ ചിത്രകാരനാണ് ജോയൽ. ജോയലിന്റെ ചിത്രങ്ങളെല്ലാം സംഘടനയാണ് ഏറ്റെടുക്കുന്നത്. എല്ലാ മാസവും മുടങ്ങാതെ പ്രതിഫലവും നൽകുന്നുണ്ട്. നോയൽ നിറം പകർന്ന വയനാടൻ കാടും തടാകവും പൂക്കളും ചിത്രശലഭങ്ങളുമെല്ലാം ഇപ്പോൾ കടൽ കന്ന് വിദേശങ്ങളിലേക്ക് പറക്കുകയാണ്.