കേസി​ൽ 6 പ്രതികൾ

വിചാരണയ്ക്കി​ടെ ഇരകളും സാക്ഷികളും കൂറുമാറി

കൽപ്പറ്റ: യത്തീംഖാനയിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 15 വർഷം തടവിനും, 70,000 രൂപ പിഴയും ശിക്ഷവിധിച്ചു. മുട്ടിൽ കുട്ടമംഗലം വിളഞ്ഞിപ്പിലാക്കൽ നാസർ നാച്ചിക്ക (42) എന്നയാളെയാണ് കൽപ്പറ്റ കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനുള്ള പ്രത്യേക കോടതി (പോക്‌സോ കോടതി) ജഡ്ജി കെ.രാമകൃഷ്ണൻ ശിക്ഷിച്ചത്. അതി​ക്രമത്തി​നി​രയായ പെൺ​കുട്ടി​ വിചാരണസമയത്ത് കൂറുമാറിയിട്ടും സാഹചര്യ തെളിവുകളുടേയും ശാസ്ത്രീയ തെളിവുകളുടേയും അടിസ്ഥാനത്തിലുമാണ് വിധി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷൽ പബ്ലിക്ക് പ്രോസിക്യൂട്ടർ എം.ജി സിന്ധു ഹാജരായി. 2017 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായ ടി.പി.ജേക്കബ് ആണ് കേസന്വേഷണം നടത്തി കുറ്റപത്രം നൽകിയത്. ഡിവൈ.എസ്.പി മുഹമ്മദ് ഷാഫിയും അന്വേഷണത്തിൽ പങ്കെടുത്തി​രുന്നു. അനാഥാലയത്തി​ൽ താമസിക്കുന്ന ഏഴ് പെൺകുട്ടികളെ പീഡനത്തിനിരയാക്കിയത് നഗ്‌നചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തിയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. എതിർത്തപ്പോൾ നഗ്‌നചിത്രങ്ങൾ പുറത്തുവിടുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും കുട്ടികൾ വെളിപ്പെടുത്തിയിരുന്നു.

യത്തീംഖാനയ്ക്ക് അടുത്തുള്ള കടയിലേക്കു വിളിച്ചുവരുത്തിയായിരുന്നു പീഡനം. ഏഴു പെൺകുട്ടികളെയാണ് ഇത്തരത്തി​ൽ പീഡി​പ്പി​ച്ചത്. ഹോസ്റ്റലിലേക്കു പോകുംവഴി, കടയിലേക്ക് വിളിച്ചുവരുത്തി ആറു പേരടങ്ങിയ സംഘം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.

കടയിൽ നിന്ന് കുട്ടികൾ പുറത്തേക്കു വരുന്നതുകണ്ട സുരക്ഷാ ജീവനക്കാർ, വിവരം യത്തീംഖാന അധികൃതരെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ കൗൺസിലിംഗിലാണ് പീഡന വിവരം പുറത്തുവന്നത്.

സാമൂഹ്യക്ഷേമ വകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തി​ൽ പ്ലസ് വൺ വിദ്യാർത്ഥിനികൾ ഹോസ്റ്റലിൽ നിന്ന് വൈകീട്ട് ആറ് മണിക്ക് ശേഷം പ്രാർത്ഥനയ്ക്കും പഠനത്തിനുമായി ഓർഫനേജിലേക്ക് പോവാറുണ്ട്. ഈ സമയങ്ങളിലാണ് പെൺകുട്ടികളെ ഭീഷണിപെടുത്തി കൊണ്ടുപോയി പീഡിപ്പിച്ചത്. ഒരു വർഷത്തിലേറെയായി പെൺകുട്ടികളെ ഇങ്ങനെ പീഡിപ്പിച്ചു വരികയായിരുന്നു.

പെൺകുട്ടികളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതിൽ പീഡനത്തിന് ഇരയായെന്നു സ്ഥിരീകരിച്ചു. സംഭവത്തിൽ 11 കേസുകൾ രജിസ്റ്റർ ചെയ്തു. കേസിൽ ആകെ ആറു പ്രതികൾ ഉണ്ട്. വിചാരണയ്ക്കി​ടെ ഇരകളും സാക്ഷികളും കൂറുമാറിയത് കേസിന്റെ വഴി തിരിച്ചുവിടുമായിരുന്നുവെങ്കിലും ശക്തമായ ശാസത്രീയ തെളിവുകളും, മജിസ്‌ട്രേറ്റിന് ഇരകൾ നൽകിയ മൊഴിയും നിർണ്ണായകമാകുകയായിരുന്നു.