p
പത്മനാഭൻ വയനാട്ടിലെ കാപ്പിത്തോട്ടത്തിൽ

പുൽപ്പളളി: പാമ്പുകൾ ആരെയെങ്കിലും തേടിവന്ന് കടിയ്ക്കുമോ? വയനാട് കാപ്പിസെറ്റിലെ കാട്ടുമാക്കിൽ പത്മനാഭനോട് ചോദിച്ചാൽ ഉത്തരം 35 വട്ടമെന്നാണ്. കഴിഞ്ഞ 40 വർഷമായി പാമ്പുകൾ ഈ കർഷകനെ വിടാതെ പിന്തുടരുകയാണ്. കടിച്ചതിലേറെയും ഉഗ്രവിഷമുള്ള ഇനങ്ങൾ. ആദ്യം കടിച്ചത് കരിമൂർഖൻ. വിഷം കയറി ശരീരമാകെ നീല നിറമായി. വാഹനങ്ങൾ കുറവായതിനാൽ കട്ടിലിൽ കിടത്തിയാണ് പത്മനാഭനെ വിഷ വൈദ്യന്റെ അടുത്തെത്തിച്ചത്. നാളുകൾ നീണ്ട ചികിത്സയ്ക്കൊടുവിൽ സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചുവരുന്നതിനിടെ വീണ്ടും പാമ്പിന്റെ കടിയേറ്റു. ചേരയും നീർക്കോലിയും ഒഴികെ ഒട്ടുമിക്ക പാമ്പുകളും പത്മനാഭനെ കടിച്ചിട്ടുണ്ട്. എന്നാൽ കൃത്യ സമയത്തെ ചികിത്സയും ശരീരത്തിലെ 'പ്രതിവിഷം" കൊണ്ടും ഇയാൾ രക്ഷപ്പെടുന്നു. പാമ്പുകളെപ്പറ്റി പഠിക്കുന്ന ചെന്നൈയിലെ സ്ഥാപനത്തിൽ നിന്നടക്കം പത്മനാഭന് കിട്ടിയ മറുപടി പാമ്പുകളെ ആകർഷിക്കുന്ന ഒന്നും മനുഷ്യ ശരീരത്തിൽ ഉണ്ടാവുന്നില്ല, അവയ്ക്ക് വൈരാഗ്യ ബുദ്ധിയുമില്ല. പിന്നെന്തുകൊണ്ട് വിഷ പാമ്പുകൾ പത്മനാഭനെ തേടിയെത്തുന്നു. 40 വർഷങ്ങൾക്കിപ്പുറവും ദുരൂഹമാണ് അതിനുള്ള ഉത്തരം.