കൽപ്പറ്റ: മാനസിക ശാരീരിക വൈകല്യമുള്ള പത്ത് വയസ്സ്കാരി ആദിവാസി ബാലികയെ ബലാത്സംഗം ചെയ്ത കേസിൽ ഇരയായ കുട്ടിക്ക് ഇടക്കാല നഷ്ടപരിഹാരമായി രണ്ട് ലക്ഷം രൂപ നൽകാൻ പോസ്‌കോ കോടതിയുടെ പ്രത്യേക ഉത്തരവ്. അമ്പലവയൽ കുളത്തുവയൽ മുനീർ (35) ആണ് കേസിലെ പ്രതി. കൽപ്പറ്റ കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനുള്ള പ്രത്യേക കോടതി (പോക്‌സോ കോടതി) ജഡ്ജി കെ.രാമകൃഷ്ണനാണ് സ്വമേധയാ കേസ് പരിഗണിച്ച് കുട്ടിയുടെ അടിയന്തര ആവശ്യങ്ങൾക്കും മറ്റുമായി കേസിലെ പ്രാഥമിക തെളിവിന്റെ അടിസ്ഥാനത്തിൽ ഉത്തരവാക്കിയത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം.ജി.സിന്ധു ഹാജരായി. കൊവിഡ് മഹാമാരിയെ തുടർന്നുണ്ടായ ലോക്ക് ഡൗൺ കാലത്താണ് കേസിനാസ്പദമായ സംഭവത്തിൽ അമ്പലവയൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.