കൽപ്പറ്റ: സംസ്ഥാന വനാതിർത്തികളിൽ പൊലീസ് പരിശോധന കർശനമാക്കി. കൊവിഡ് പശ്ചാത്തലത്തിലാണ് തമിഴ്നാട്, കർണ്ണാടക വനാതിർത്തികളിലെ ഉൗടുവഴികളിൽ പൊലീസിന്റെ നേതൃത്വത്തിൽ പരിശോധന ആരംഭിച്ചത്. വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസുകാർക്കൊപ്പം ഉണ്ടായിരുന്നു.
അയൽ സംസ്ഥാനങ്ങളിൽ നിന്ന് ജോലിക്കും മറ്റും പോയ ആദിവാസികൾ ഉൾപ്പെടെയുളളവർ ഉൗടുവഴികളിലൂടെ നാട്ടിലേക്ക് തിരിച്ചതായി റിപ്പോർട്ടുണ്ട്. ഇൗ സാഹചര്യത്തിലാണ് ഇന്നലെ മുതൽ അതിർത്തിക്കടുത്ത ഇത്തരം സ്ഥലങ്ങളിൽ കർശന പരിശോധന നടത്തുന്നത്.
ഇഞ്ചിപ്പണിക്ക് പോയ ആദിവാസികൾ കുടകിൽ നിന്ന് തിരുനെല്ലി പഞ്ചായത്തിലേക്ക് വന്ന വിവരവും അധികൃതർക്ക് ലഭിച്ചു. വനത്തിൽ കടുവ അടക്കമുളള വന്യമൃഗങ്ങളുടെ ആക്രമണം കൂടുതൽ അപകടം വിളിച്ച് വരുത്തും. ഇൗ സാഹചര്യത്തിൽ വനപാതകളിലൂടെയുളള മടങ്ങി വരവ് ഉപേക്ഷിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചിട്ടുണ്ട്.
കബനി നദി നീന്തിക്കയറി വരുന്നവരെ നിരീക്ഷിക്കാൻ പുൽപ്പളളി മേഖലയിൽ സംവിധാനം ഏർപ്പെടുത്തി. പുഴയിൽ വെളളം കയറിയതിനാൽ ഇതും അപകടം വിളിച്ച് വരുത്തും. ഉൗടുവഴികളിലൂടെയും മറ്റും അനധികൃതമായി ജില്ലയിലേക്ക് വരുന്നവരുടെ പേരിൽ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ആർ. ഇളങ്കോ അറിയിച്ചു.