s

ആലപ്പുഴ: കർക്കടക മാസത്തിന് തുടക്കമായെങ്കിലും കൊവിഡ് വ്യാപനം ക്ഷേത്രങ്ങളിലെ രാമായണ പാരായണമുൾപ്പെടെയുള്ള പരമ്പരാഗത ചടങ്ങുകൾക്ക് തടസമായി. രാത്രി 7.30ന് ശേഷമാണ് ക്ഷേത്രങ്ങളിൽ പാരായണം തുടങ്ങിയിരുന്നത്. പ്രത്യേക പൂജകൾ ചില ക്ഷേത്രങ്ങളിൽ നടക്കുന്നുണ്ടെങ്കിലും പാരായണം ഒഴിവാക്കിയിരിക്കുകയാണ് ഒട്ടുമിക്ക ക്ഷേത്രം അധികൃതരും. പാരായണക്കാർക്കും ഈ സീസൺ തൊഴൽ നഷ്ടമുണ്ടാക്കിയിരിക്കുകയാണ്.

കർക്കടകത്തിലെ എല്ലാ ദോഷങ്ങളും ഇല്ലാതാക്കാൻ രാമായണ പാരായണം മാത്രം മതിയെന്നാണ് വിശ്വാസം. ഒന്നു മുതൽ രാമായണ വായന തുടങ്ങി മാസം അവസാനിക്കുമ്പോഴേക്കും തീർക്കണമെന്നാണ് സങ്കൽപ്പം. പഴയകാലത്ത് കർക്കടകത്തിലെ ആദ്യത്തെ ആഴ്ച കൊണ്ടുതന്നെ രാമായണം പൂർണ്ണമായും പാരായണം ചെയ്തിരുന്നു. ഇതിന് സാധിക്കാത്തവർ ഒരു മാസം കൊണ്ടാണ് പാരായണം പൂർത്തിയാക്കുന്നത്.
സ്നാനം, ഭസ്മധാരണം, ചന്ദനം തൊടൽ തുടങ്ങിയവ ചെയ്ത ശേഷം ഏകാഗ്ര ചിത്തനായി ഇരുന്ന് രാമായണ പാരായണം ആരംഭിക്കണം. മലബാറിൽ രാവിലെ ദശപുഷ്പങ്ങൾ വച്ച് ശ്രീഭഗവതിയെ വീട്ടിലേക്ക് എതിരേൽക്കുന്ന ചടങ്ങും നടക്കുമായിരുന്നു. ചിലർ ഉഴിച്ചിലും പിഴിച്ചിലും നടത്തി ശരീരം അരോഗദൃഢമാക്കും. കൊടും വേനലിൽ നിന്ന് മഴക്കാലത്തേക്ക് കടക്കുമ്പോൾ ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി ക്ഷയിക്കുമെന്നത് ശാസ്ത്രമാണ്. രോഗങ്ങൾ ശരീരത്തെ ആക്രമിക്കുകയും ശക്തി കുറഞ്ഞ ശരീരം അതിന് അടിപ്പെടുകയും ചെയ്യുന്നത് സ്വാഭാവികമാണ്.

# ശാസ്ത്രീയം


മഴക്കാലം തുടങ്ങുമ്പോൾ രോഗാണുക്കൾ പെരുകിത്തുടങ്ങും. കർക്കടകത്തിൽ മരുന്നു സേവിച്ചാൽ കൽപ്പാന്തം സസുഖം എന്നതാണ് ആയുർവേദത്തിന്റെ ശാന്തിമന്ത്രം. ആയുർവേദത്തിന്റെ മഹിമയും ആചാര സൂക്തങ്ങളുടെ കുളിർമയും ഔഷധ സേവയിലൂടെയും ചികിത്സയിലൂടെയും അനുഭവവേദ്യമാവുന്നത് കർക്കിടക മാസത്തിലാണ്. സൂര്യന്റെ ശക്തി പ്രപഞ്ചത്തിലെ ജീവജാലങ്ങൾക്ക് വിട്ടുകൊടുക്കുന്ന കാലമാണിതെന്നാണ് വിശ്വാസം.