wat
റെയിൽവെ ക്രോസ് മുതൽ തകഴി പാലം വരെയുള്ള രണ്ട് കിലോമീറ്രറിനുള്ളിൽ ഒരു ഭാഗത്ത് പൈപ്പ് പൊട്ടിയപ്പോൾ (ഫയൽ ചിത്രം)

തോപ്പിൽഭാസി എഴുതി സംവിധാനം ചെയ്ത് , കെ.പി.എ.സി അവതരിപ്പിച്ച പ്രശസ്ത നാടകമാണ് 'മുടിയനായ പുത്രൻ'. അതിൽ ശാസ്ത്രി എന്ന കഥാപാത്രം പറയുന്നൊരു സംഭാഷണമുണ്ട്-' ഈ ഗതാഗതം ഗതാഗതം എന്നു പറയുന്നതാണല്ലോ റോഡുവെട്ട്. എന്താ'. കോടികൾ ചെലവിട്ട് പൂർത്തിയാക്കിയ ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ അവസ്ഥ കാണുമ്പോൾ, ഇതിന് സമാനമായൊരു സംഭാഷണമാണ് മനസിൽ വരിക- 'ഈ കുടിവെള്ള വിതരണം, വിതരണം എന്നു പറയുന്നതാണല്ലോ പൈപ്പ് പൊട്ടൽ.. എന്താ'. 2017-ൽ പദ്ധതി കമ്മീഷൻ ചെയ്തെങ്കിലും ഇന്നേവരെ സന്തോഷത്തോടെ ഇതിൽ നിന്ന് വെള്ളംകുടിക്കാൻ നാട്ടുകാർക്ക് സാധിച്ചിട്ടില്ല. കുടിവെള്ള വിതരണം തുടങ്ങിയ ശേഷം തകഴി പഞ്ചായത്തിൽ രണ്ട് കിലോമീറ്ററിനുള്ളിൽ പൈപ്പ് പൊട്ടിയത് 51 തവണ!

'വളരും തോറും പിളരുകയും പിളരും തോറും വളരുകയും' ചെയ്യുന്ന പാർട്ടിയെന്ന് കേരളാ കോൺഗ്രസിനെക്കുറിച്ച് അന്തരിച്ച കെ.എം.മാണി വിശേഷിപ്പിച്ചതു പോലെ,'പൊട്ടുംതോറും നന്നാക്കുകയും നന്നാക്കുംതോറും പൊട്ടുകയും' ചെയ്യുന്നതാണ് ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പുകൾ.ഏതായാലും പൈപ്പിന് തന്നെ സ്വയം നാണം തോന്നി കഴിഞ്ഞ ഒരു മാസമായി പൊട്ടേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണ്. മാത്രമല്ല നിർമ്മാണത്തിലെ ക്രമക്കേടുകളെക്കുറിച്ച് ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ മാറ്റി നിർത്തി സംസ്ഥാന പൊലീസ് വിജിലൻസ് വിഭാഗം സമഗ്ര അന്വേഷണം നടത്താൻ മുഖ്യമന്ത്രി നിർദ്ദേശവും നൽകി കഴിഞ്ഞു. ഇനിയാണ് ആരൊക്കെ ശരിക്കും വെള്ളംകുടിക്കുമെന്ന് അറിയാൻ പോകുന്നത്.

അഴിമതിയുടെ പൈപ്പ് ലൈൻ

ആലപ്പുഴ നഗരസഭാ പരിധിയിലും സമീപത്തെ എട്ട് ഗ്രാമപഞ്ചായത്തുകളിലും കുടിവെള്ളമെത്തിക്കുക എന്ന മനുഷ്യോപകാരപ്രദമായ പദ്ധതിക്ക് തുടക്കമാവുന്നത് 2005 ലാണ്. 2008-ൽ കമ്മീഷൻ ചെയ്യാനായിരുന്നു തീരുമാനമെങ്കിലും കേരളത്തിന്റെ തനതായ നിർമ്മാണ ശൈലിയും സാങ്കേതിക തടസങ്ങളും കാരണം പണി അങ്ങനെ നീണ്ടുപോയി. പമ്പയാറ്റിൽ കടപ്ര ഭാഗത്തു നിന്ന് വെള്ളമെടുത്ത് , തകഴി കരുമാടിയിലെ ട്രീറ്റ്മെന്റ് പ്ളാന്റിൽ ശുദ്ധീകരിച്ച് കുടിവെള്ള വിതരണം നടത്തുന്നതാണ് പദ്ധതി. പ്രതിദിനം 62 ദശലക്ഷം ലിറ്റർ വെള്ളം വിതരണം ചെയ്യുകയായിരുന്നു 225 കോടി മുടക്കി പൂർത്തിയാക്കിയ പദ്ധതിയുടെ ലക്ഷ്യം.കടപ്ര ആറ്റിൽ നിന്ന് വെള്ളം കരുമാടിയിലെ ട്രീറ്റ്മെന്റ് പ്ളാന്റിലേക്ക് കൊണ്ടുവരുന്ന ഭാഗത്താണ് സ്ഥിരമായി പൈപ്പ് പൊട്ടുന്നത്.വെള്ളത്തിന്റെ മർദ്ദവും പൈപ്പിന്റെ നിലവാരമില്ലായ്മയുമാണ് നിരന്തരമുള്ള പൊട്ടലിന് കാരണമെന്ന് തുടക്കത്തിലേ വ്യക്തമായിരുന്നു. നിലവാരമില്ലാത്ത പൈപ്പ് എങ്ങനെ വന്നുവെന്നതാണ് ഇനിയുള്ള പ്രശ്നം.

വെള്ളത്താൽ ചുറ്റപ്പെട്ട പ്രദേശമെങ്കിലും കുട്ടനാടൻ മേഖലയിൽ കുടിവെള്ളം കിട്ടാക്കനിയാണ്. പ്രത്യേകിച്ച് വേനൽക്കാലത്ത് . ജലാശയങ്ങളിലെ വെള്ളം പണ്ട് കാലങ്ങളിൽ കുളിക്കാനും തുണി അലക്കാനുമൊക്കെ ഉപയോഗിക്കുമായിരുന്നെങ്കിലും മലിനീകരണം കാരണം ഇപ്പോൾ ഈ ആവശ്യങ്ങൾക്കു പോലും യോഗ്യമല്ല. ആലപ്പുഴ നഗരത്തിലും ചില സമയങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമാണ്. ഇതിനെല്ലാം ഒരു പരിധിവരെ പരിഹാരമാവുമെന്ന് കരുതിയ പദ്ധതിയാണ് ജനത്തെ ഇപ്പോൾ നിരാശയുടെ ഉപ്പുവെള്ളം കുടിപ്പിക്കുന്നത്.

16 കിലോമീറ്രർ ദൈർഘ്യത്തിൽ 1100 എം.എം വ്യാസമുള്ള ഹൈഡെൻസിറ്റി പോളിഎഥിലിൻ പൈപ്പാണ് ഉപയോഗിച്ചിട്ടുള്ളത്. വാട്ടർ അതോറിട്ടിയുടെ വ്യവസ്ഥപ്രകാരം, അംഗീകാരം നൽകിയ രണ്ട് ബ്രാൻഡുകളുടെ പൈപ്പുകൾ മാത്രമേ ഉപയാേഗിക്കാൻ പാടുള്ളൂ. എന്നാൽ, അംഗീകാരമില്ലാത്ത 'പൂർവ' എന്ന ബ്രാൻഡ് പൈപ്പാണ് ഇവിടെ ഉപയോഗിച്ചത്. വാട്ടർ അതോറിട്ടി അംഗീകരിച്ച മറ്റ് ബ്രാൻഡുകളേക്കാൾ ഒരു മീറ്ററിന് ആറായിരം രൂപ കുറവാണ് ഇതിന്. നിലവാരം കുറഞ്ഞ പൈപ്പ് പദ്ധതിയിൽ ഉപയോഗിച്ചതുവഴി കരാറുകാരന്റെ പോക്കറ്റ് നന്നായി വീർത്തെങ്കിലും നാട്ടുകാരുടെ ദാഹത്തിന് ശമനമായില്ല.

ചെയ്യാത്ത പരിപാലനത്തിനും ലക്ഷങ്ങൾ

ചില കുഴപ്പങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനാൽ വാട്ടർ അതോറിട്ടിയുടെ വിജിലൻസ് വിഭാഗം നേരത്തെ നടത്തിയ അന്വേഷണത്തിൽ പദ്ധതി നിർവഹണ വിഭാഗത്തിലെ ചില ഉദ്യോഗസ്ഥർ ചില്ലറ കുഴപ്പം കാട്ടിയത് കണ്ടെത്തി. അവർക്കെതിരെ അച്ചടക്ക നടപടിയും സ്വീകരിച്ചു. 2008ൽ തകഴിയിൽ വാട്ടർ പ്‌ളാന്റിന്റെ നിർമ്മാണം പൂർത്തിയായെങ്കിലും പദ്ധതിയുടെ മറ്റു ജോലികൾ തീരാത്തതിനാൽ പ്ളാന്റ് കാടുകയറി കിടന്നു. 2017 മേയ് 14 നാണ് കമ്മിഷൻചെയ്യുന്നത്. ഇതിനിടയിലുള്ള കാലത്ത് പ്ളാന്റ് പരിപാലിച്ചു എന്ന പേരിലും ലക്ഷങ്ങളാണ് തട്ടിയെടുത്തത്.

ഇതു കൂടി കേൾക്കണേ

അഴിമതി എന്നു കേട്ടാൽ രക്തം തിളച്ചുമറിയുന്ന മന്ത്രിസഭയിലെ മഹാകവി ജി യുടെ മണ്ഡലത്തിലാണ് ഈ പകൽ കൊള്ള അരങ്ങേറിയത്.വച്ചുപൊറുപ്പിക്കുമോ അദ്ദേഹം. തൂലിക മടക്കി പടവാളുമായി മഹാകവി ജി ഇറങ്ങി. അതിന്റെ പരിണിത ഫലമാണ് ഇപ്പോഴത്തെ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ അന്വേഷണം.