കൊവിഡിൽ വഴിമുട്ടിയവരെ വലയിലാക്കാൻ മണി ചെയിൻ തട്ടിപ്പുകാർ
ആലപ്പുഴ: കൊവിഡിൽ ജീവിതം വഴിമുട്ടി നിൽക്കുന്ന സാധാരണക്കാരെ കെണിയിൽ വീഴ്ത്തുന്ന തട്ടിപ്പ് സംഘങ്ങൾ സംസ്ഥാനത്ത് പിടിമുറുക്കുന്നു. ചെറിയ മുതൽ മുടക്കിൽ ലക്ഷങ്ങൾ സമ്പാദിക്കാമെന്ന മോഹക്കെണിയിൽ നിരവധി മലയാളികളാണ് അകപ്പെട്ടിരിക്കുന്നത്. തുടക്കമെന്ന നിലയിൽ പലർക്കും പണം ലഭിച്ചുകൊണ്ടിരിക്കുന്നതിനാൽ രേഖാമൂലം ആരും പൊലീസിന് പരാതി നൽകിയിട്ടില്ല.
അമേരിക്ക ആസ്ഥാനമായ ചാരിറ്റി സംഘടന എന്ന ലേബലിൽ പ്രവർത്തിക്കുന്ന റസൂ ഇന്റർനാഷണൽ, റോസി പേ, വി കണക്ട്, റോക്കറ്റ് ഹബ് തുടങ്ങിയ സൈറ്റുകളാണ് സന്നദ്ധ പ്രവർത്തനങ്ങൾക്ക് ക്രൗഡ് ഫണ്ടിംഗ് എന്ന മറവിൽ തട്ടിപ്പ് നടത്തുന്നത്. 2550 രൂപ നിക്ഷേപിച്ച് പദ്ധതിയിൽ അംഗമാകുന്നവർ, അവർക്കു കീഴിൽ നാല് പേരെ കൂടി ചേർക്കുക എന്ന പതിവ് മണി ചെയിൻ മാതൃകയിലാണ് തട്ടിപ്പ് നടക്കുന്നത്. ജോലി നഷ്ടപ്പെട്ട് വീട്ടിലിരിപ്പായ നിരവധി പേരാണ് ഇവരുടെ കെണിയിൽപ്പെട്ടിരിക്കുന്നത്. നാല് പേരെ ചേർത്തവർക്ക് മാസം 8000 രൂപ വരെ അക്കൗണ്ടിൽ ലഭിക്കുന്നുണ്ട്. വിശ്വാസ്യത നേടുക എന്നതാണ് ഇതിനു പിന്നിലെന്ന് പൊലീസ് പറയുന്നു. എന്നാൽ ഇത്തരം സംഘങ്ങളുടെ പ്രവർത്തനം നിയമവിരുദ്ധമാണെന്നും, ഒരു ഘട്ടം കഴിയുമ്പോൾ സകല സമ്പാദ്യങ്ങളുമായി കമ്പനി അപ്രത്യക്ഷമാകുമെന്നും ജില്ലാ പൊലീസ് മേധാവി പി.എസ്.സാബു പറഞ്ഞു. കമ്പനിയുടെ രജിസ്ട്രേഷൻ രേഖകൾ ഉൾപ്പടെ പരസ്യപ്പെടുത്തിയാണ് ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ഇവർ ആളെപ്പിടിക്കുന്നത്.
# തട്ടിപ്പിന്റെ വഴി
2550 രൂപ നിക്ഷേപിക്കുന്നതോടെ കമ്പനി അക്കൗണ്ടിന്റെ യൂസർ ഐ ഡി, പാസ് വേഡ്, ഷോപ്പിംഗ് കാർഡ് എന്നിവ ലഭിക്കും
24 മണിക്കൂറിനുള്ളിൽ മുപ്പത് രൂപ ക്രഡിറ്റാവും
15 ദിവസത്തിനുള്ളിൽ 1200 രൂപ, 60 ദിവസത്തിനുള്ളിൽ 4800 രൂപ
90 ദിവസത്തിനുള്ളിൽ 19,200 മുതൽ 25,530 രൂപ വരെ എന്നാണ് വാഗ്ദാനം
ബാങ്കിൽ പണം ഡോളറായി ക്രഡിറ്റാവും
പിൻവലിക്കണമെങ്കിൽ നാല് പേരെ പദ്ധതിയിൽ ചേർത്തിരിക്കണം
ആളെ ചേർക്കുന്നതിന് കമ്മിഷൻ 3150 രൂപ
കമ്മിഷൻ ലഭിച്ചു തുടങ്ങിയതോടെയാണ് കൂടുതൽ പേർ വലയിലേക്ക്
........................................
ചെറിയ തുക മാത്രം മുതൽ മുടക്കായതിനാൽ ഇത്തരം തട്ടിപ്പുകളിൽ പെട്ടെന്ന് ആളുകൾ വീഴും. ആദ്യ ഘട്ടത്തിൽ ഉപഭോക്താക്കൾക്ക് പണം നൽകി ഇവർ കൂടുതൽ പേരെ ആകർഷിക്കും. തട്ടിച്ചെടുക്കുന്ന കോടികളുടെ പത്തിലൊന്ന് പോലും അവർക്ക് ചെലവാകില്ല. ഒരു ഘട്ടം വരുമ്പോൾ കമ്പനി അപ്രത്യക്ഷമാകും. തട്ടിപ്പ് റിസർവ് ബാങ്കിന്റെ ശ്രദ്ധയിൽപ്പെടുത്തും
(വിനോദ് കുമാർ, ലീഡ് ബാങ്ക് മാനേജർ, ആലപ്പുഴ)