 പൗഡർ പ്ളാന്റ് ഒന്നുകിൽ പുന്നപ്രയിൽ, അല്ലെങ്കിൽ മലബാറിൽ

ആലപ്പുഴ: എല്ലാം കഴിഞ്ഞ് ബാക്കിവരുന്ന പാൽ പൊടിയാക്കുന്ന പദ്ധതി നടപ്പാക്കാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ മിൽമ ആരംഭിച്ചു. 56 കോടി ചെലവ് പ്രതീക്ഷിക്കുന്ന പ്ളാന്റ് ആലപ്പുഴ പുന്നപ്രയിലോ മലബാർ മേഖലയിലോ ആയിരിക്കും സ്ഥാപിക്കുക.

നിലവിൽ പ്രവർത്തനം നിലച്ച, പുന്നപ്രയിലുള്ള മിൽമ പൗഡർ പ്ലാന്റ് നവീകരിച്ച് പ്രവർത്തനം ആരംഭിക്കാനും ആലോചനയുണ്ട്. സംസ്ഥാനത്തെ ക്ഷീരസംഘങ്ങൾ വഴിയുള്ള പാൽ സംഭരണം വർദ്ധിക്കുകയും ലോക്ക്ഡൗണിന്റെ ഭാഗമായി പാലിന്റെയും പാലുത്പന്നങ്ങളുടെയും വില്പന കുറയുകയും ചെയ്ത സാഹചര്യത്തിലാണ് ക്ഷീരകർഷകരെ സഹായിക്കാൻ മിൽമ പൗഡർപ്ളാന്റ് സ്ഥാപിക്കാൻ തീരുമാനിച്ചത്. നിലവിൽ മിൽമയുടെ കിഴീലോ സ്വകാര്യ മേഖലയിലോ സംസ്ഥാനത്ത് പാൽപ്പൊടി പ്ളാന്റ് പ്രവർത്തിക്കുന്നില്ല. നേരത്തെ ഏഴു കോടി രൂപ ചെലവഴിച്ച്, പ്രയാർ ഗോപാലകൃഷ്ണൻ ചെയർമാനായിരുന്നപ്പോൾ 1996ൽ പുന്നപ്രയിൽ മിൽമ പൗഡർ പ്ലാന്റ് ആരംഭിച്ചിരുന്നു. പിന്നീട് പാലിന്റെ അളവ് കുറഞ്ഞതോടെ പ്ലാന്റ് പ്രവർത്തിക്കാതായി.

കൊവിഡിനെ തുടർന്ന് സംസ്ഥാന ക്ഷീര വികസന വകുപ്പ് പൗഡർ പ്ലാന്റ് ആരംഭിക്കാൻ മിൽമയോട് അഭ്യർത്ഥിച്ചു. പ്രതിദിനം പത്ത് മെട്രിക് ടൺ ഉത്പാദന ശേഷിയുള്ള പ്ളാന്റ് നിർമ്മിക്കാനാണ് സർക്കാർ നിർദേശം. അധികം വരുന്ന പാൽ സംസ്ഥാനത്ത് സംസ്കരണ സംവിധാനമില്ലാത്തതിനാൽ തമിഴ്‌നാട്ടിലോ കർണാടകയിലോ എത്തിച്ച് പൊടിയാക്കാൻ ആലോചന നടത്തിയെങ്കിലും സംസ്ഥാനത്ത് പ്ളാന്റ് സ്ഥാപിക്കാൻ സർക്കാർ മിൽമയോട് ആവശ്യപ്പെടുകയായിരുന്നു.

 സംഭരണം 13 ലക്ഷം ലിറ്റർ

സംസ്ഥാനത്തെ 3500ൽപ്പരം ക്ഷീര സഹകരണ സംഘങ്ങൾ വഴി പ്രതിദിനം 13 ലക്ഷത്തോളം ലിറ്റർ പാലാണ് മിൽമ സംഭരിച്ച് വിതരണം ചെയ്യുന്നത്. മിൽമയുടെ മൂന്ന് മേഖലയിലും കൂടി സംഭരിക്കുന്ന പാൽ സംസ്ഥാനത്തെ മൊത്തം ഉപയോഗത്തിന് തികയില്ല. പ്രതിദിനം രണ്ട് ലക്ഷത്തോളം ലിറ്റർ പാൽ തമിഴ്നാട്, കർണ്ണാടക സംസ്ഥാനങ്ങളിൽ നിന്ന് മിൽമ സംഭരിച്ച് വിതരണം ചെയ്യുന്നുണ്ട്.

 പോകുമോ മലബാറിലേക്ക്

ചെലവ് കുറഞ്ഞതോടെ മലബാർ മേഖലയിലാണ് കൂടുതൽ പാൽ മിച്ചം വരുന്നത്. ഇക്കാരണത്താൽ മലബാറിലാണ് മുൻഗണന നൽകാനുള്ള സാദ്ധ്യത കൂടുതലാണ്. എന്നാൽ മതിയായ സംഭരണ സംവിധാനം ഇല്ലാത്തതിനാൽ മലബാർ മേഖലയിൽ കൊവിഡിന്റെ ആദ്യഘട്ടത്തിൽ പാൽ ശേഖരിച്ചില്ല. മിൽമയ്ക്ക് സ്ഥിരമായി പാൽ നൽകുന്ന ഒട്ടേറെ ക്ഷീരകർഷകർക്ക് ഇത് തിരിച്ചടിയായി. കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിൽ പാൽ ശേഖരിക്കുന്നത് നിറുത്തിയതോടെ നൂറുകണക്കിന് കർഷകരാണ് ബുദ്ധിമുട്ടുന്നത്. തുടർന്നാണ് പാൽ മുഴുവൻ ശേഖരിക്കാനും മിച്ചം വന്നാൽ പൊടിയാക്കാനും തീരുമാനിച്ചത്. മലബാർ മേഖലയിൽ നിന്ന് പാൽ ആലപ്പുഴയിൽ എത്തിക്കുന്നതിുള്ള ചെലവ് കൂടി പരിഗണിച്ചായിരിക്കും അന്തിമതീരുമാനം ഉണ്ടാവുക.

.......................................

സംഘങ്ങൾ വഴിയുള്ള ആകെ സംഭരണം:12,85,987

അന്യസംസ്ഥാനങ്ങളിൽ നിന്ന്: 1,32,705

ആകെ വിതരണം: 14,18,692.

........................................

# പാൽ വില (യാത്രാക്കൂലി ഉൾപ്പെടെ)

 തമിഴ്നാട്: 36.90രൂപ

 കർണ്ണാടക: 37രൂപ

..............................................

'പുതിയ പ്ളാന്റ് എവിടെ സ്ഥാപിക്കണമെന്ന് തീരുമാനിച്ചിട്ടില്ല. ചർച്ചയും പദ്ധതിയുടെ രേഖകളും തയ്യാറാക്കി വരുന്നു. ലാഭകരമാകുന്ന തരത്തിലും പാൽ സുലഭമായി ലഭിക്കുന്ന പ്രദേശത്തുമായിരിക്കും പ്ളാന്റ് സ്ഥാപിക്കുക'

(കരുമാടി മുരളി, ഡയറക്ടർബോർഡ് അംഗം, മിൽമ)