ആലപ്പുഴ: കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നത് ജില്ലയിൽ ആശങ്ക പരത്തുന്നു. കണ്ടെയ്ൻമെന്റ് സോണുകളുടെ എണ്ണവും വർദ്ധിക്കുകയാണ്. പരിശോധനയും കർശന നടപടിയുമായി പൊലീസും ആരോഗ്യവകുപ്പും രംഗത്ത് ഉണ്ടെങ്കിലും രോഗവ്യാപനം കൂടുന്നത് ആശങ്കയുളവാക്കുന്നു.

കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തത് അപകടകരമായ സഹചര്യത്തിലേക്കു നയിക്കുമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിട്ടി യോഗം വിലയിരുത്തി. തുടർന്നാണ് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ യോഗം തീരുമാനിച്ചത്.

# നിയന്ത്രണങ്ങൾ ഇങ്ങനെ

 വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തന സമയം രാവിലെ ഏഴ് മുതൽ വൈകിട്ട് 7.30 വരെ

 ഹോട്ടലുകളിൽ ഭക്ഷണം രാത്രി 9 വരെ പാഴ്‌സലായി വിതരണം ചെയ്യാം.
 ജില്ലയിൽ ഒരു സ്ഥലത്തും ആളുകൾ കൂട്ടം കൂടരുത്

 റോഡിലെ അനധികൃത കച്ചവടങ്ങൾ ഒഴിപ്പിക്കും

 ഉത്തരവുകൾ പാലിക്കാത്തവർക്കെതിരെ കേസ്

.......................................

# ആർ.ടി.ഒ ഓഫീസിലെ പ്രവർത്തനങ്ങൾ ക്രമീകരിച്ചു

കൊവിഡിന്റെ പശ്ചാത്തലത്തിൽ ആർ.ടി.ഒ ഓഫീസിലെ പ്രവർത്തനങ്ങൾ ക്രമീകരിച്ചു. തിങ്കൾ, വെള്ളി ദിവസങ്ങളിൽ വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റൽ, ഫിനാൻസ്, പെർമിറ്റ് സംബന്ധിച്ച വിഷയങ്ങൾ, ചൊവ്വാഴ്ചകളിൽ ടാക്‌സ്, അഭിമുഖം സംബന്ധമായ വിഷയങ്ങൾ, വ്യാഴാഴ്ചകളിൽ ലൈസൻസ് സംബന്ധമായ വിഷയങ്ങൾ എന്നിങ്ങനെയാണ് ക്രമീകരണം. രാവിലെ 10.30 മുതൽ ഉച്ചക്ക് ഒരു മണി വരെയാണ് ഓഫീസിലേക്കുള്ള പ്രവേശനം. ബുധനാഴ്ച ഓഫീസ് സംബന്ധമായ ജോലികൾ ഉള്ളതിനാൽ അപേക്ഷകൾ സ്വീകരിക്കില്ല. പരമാവധി അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം. കൊവിഡ് വ്യാപനം തടയുന്നതിനായി കളക്ടറുടെ നിർദ്ദേശ പ്രകാരമാണ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതെന്ന് ആർ.ടി.ഒ പി.ആർ.സുമേഷ് അറിയിച്ചു. ഫോൺ: 0477 2253160


 കണ്ടെയ്ൻമെന്റ് സോണുകൾ

ഭരണിക്കാവ് പഞ്ചായത്തിലെ 16-ാം വാർഡ് , ചെങ്ങന്നൂർ നഗരസഭ 14, 15 വാർഡുകൾ, പാലമേൽ പഞ്ചായത്ത് 14-ാം വാർഡ് എന്നിവ കണ്ടെയിൻമെന്റ് സോണുകളായി ഇന്നലെ പ്രഖ്യാപിച്ചു. കായംകുളം നഗരസഭയിലെ 4,9 വാർഡുകൾ ഇന്നലെ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു. ആലപ്പുഴ നഗരസഭയിലെ 50-ാം വാർഡ് , പട്ടണക്കാട് പഞ്ചായത്തിലെ വാർഡ് 10,

കാർത്തികപ്പള്ളി പഞ്ചായത്തിലെ വാർഡ് 7, പുന്നപ്ര സൗത്ത് പഞ്ചായത്തിലെ രണ്ട് , അരൂർ പഞ്ചായത്തിലെ ഒന്ന്, ചെന്നിത്തല പഞ്ചായത്തിലെ 14 എന്നിവ നേരത്തെ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു.

..........................................


# പൊതുമരാമത്ത് എക്‌സിക്യൂട്ടിവ്

എൻജിനിയറുടെ ഓഫീസ് പൂട്ടി

പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടിവ് എൻജിനിയറുടെ ( നിരത്ത് വിഭാഗം) ആലപ്പുഴ ഓഫീസ് അടച്ച് പൂട്ടി. കൊവിഡ് സ്ഥിരീകരിച്ച് കൊല്ലം പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന കായംകുളത്തെ വ്യാപാരിയുടെ അടുത്ത ബന്ധു ഓഫീസിലെ ജീവനക്കാരിയാണ്. ഇവർ കഴിഞ്ഞ മൂന്ന് ദിവസം രോഗബാധിതന്റെ വീട്ടിൽ താമസിച്ചിരുന്നു. വ്യാപാരിക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് വീട്ടിലെത്തിയ മുഴുവൻ പേരെയും കൊവിഡ് നിരീക്ഷണത്തിലാക്കാനായിരുന്നു ആരോഗ്യവകുപ്പിന്റെ തീരുമാനം. 33 ജീവനക്കാരാണ് ഓഫീസിലുള്ളത്. ജീവനക്കാർ നിരീക്ഷണത്തിൽ കഴിയാനും നിർദേശിച്ചു.