hsta

ആലപ്പുഴ: വിദ്യാഭ്യാസ മേഖലയിൽ ഏറ്റവും ശക്തമായി പ്രവർത്തിക്കുന്ന ഹയർസെക്കൻഡറിയെ ബോധപൂർവം തകർക്കാനുള്ള സർക്കാർ നിലപാടുകൾ തിരുത്തണമെന്ന് ഡി.സി.സി പ്രസിഡന്റ് എം ലിജു സർക്കാരിനോടാവശ്യപ്പെട്ടു. നാളിതുവരെ ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ രണ്ടാം ഭാഗം പോലും സമർപ്പിക്കാൻ കഴിയാത്ത അവസ്ഥ വിദ്യാഭ്യാസമേഖലയോടുള്ള അവഗണനയാണെന്നും അദ്ദേഹം പറഞ്ഞു. എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ എച്ച്.എസ്.ടി.എ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കളക്ടറേറ്റ് പടിക്കൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഖാദർ കമ്മിറ്റി ശുപാർശകൾ തള്ളിക്കളയുക, ഹയർസെക്കൻഡറിയോടുള്ള വിവേചനം അവസാനിപ്പിക്കുക, ജൂനിയർ അദ്ധ്യാപകരെ അഞ്ചുവർഷം കഴിയുന്ന മുറയ്ക്ക് സീനിയർ ആക്കുക, പ്രിൻസിപ്പൽ തസ്തിക ഹയർ സെക്കൻഡറി അദ്ധ്യാപകർക്ക് മാത്രമുള്ള പ്രമോഷൻ തസ്തികയായി മാറ്റുക, പ്ലസ് വൺ ക്ലാസുകളിൽ കുട്ടികളുടെ എണ്ണം 40 ആയി നിജപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. സംസ്ഥാന ജനറൽ സെക്രട്ടറി എസ്.മനോജ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ആർ.സാം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അജു.പി ബെഞ്ചമിൻ, ട്രഷറർ സുനിൽ ജോസഫ്, ബി.സന്തോഷ് കുമാർ, ഡാനിയൽ ജോർജ്, ജോസ് കുര്യൻ, ജെ.രാജേഷ് ,എം.എ സിദ്ദിഖ് ,ആന്റണി കെ.എം, മിനി ജോസഫ്, സൂസൺ തോമസ്, ഗംഗ, ധന്യകുമാർ എന്നിവർ സംസാരിച്ചു.

ഫോട്ടോ

എച്ച്.എസ്.ടി.എ നടത്തിയ കളക്ടറേറ്റ് ധർണ എം.ലിജു ഉദ്ഘാടനം ചെയ്യുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി എസ്.മനോജ്, ആർ സാം, അജു പി ബഞ്ചമിൻ, ഡാനിയൽ ജോർജ് എന്നിവർ സമീപം