ആലപ്പുഴ: പ്ലസ് വൺ സീറ്റുകളിലെ പതിവ് വർദ്ധനവ് ഇത്തവണ ആലപ്പുഴയിൽ ഉണ്ടായേക്കില്ലെന്ന് സൂചന. നിലവിൽ 22,839 സീറ്റുകളുള്ളപ്പോൾ 21,932 പേരാണ് പ്രവേശനത്തിന് യോഗ്യത നേടിയിരിക്കുന്നത്.
സേ പരീക്ഷ കൂടി പൂർത്തിയാവുന്നതോടെ കുട്ടികളുടെ എണ്ണം വർദ്ധിക്കും. കൂടാതെ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ ഫലം വരുന്നതോടെ അപേക്ഷകരുടെ എണ്ണം കൂടും. എന്നാൽ എല്ലാ വിദ്യാർത്ഥികളും പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കില്ല. വലിയൊരു ശതമാനം വിദ്യാർത്ഥികൾ ഐ.ടി.ഐ, പോളിടെക്നിക്, വി.എച്ച്.എസ്.ഇ, വിവിധ കമ്പ്യൂട്ടർ കോഴ്സുകൾ എന്നിവയിലേക്ക് തിരിയും. കഴിഞ്ഞ വർഷം സീറ്റുകളിൽ 20 ശതമാനം വർദ്ധനവ് വരുത്തിയപ്പോൾ ജില്ലയിൽ 18 സ്കൂളുകളിൽ സീറ്റുകൾ ഒഴിഞ്ഞുകിടന്നിരുന്നു. ഈ സാഹചര്യം കണക്കിലെടുത്ത് സീറ്റ് വർദ്ധനവിലേക്ക് പോകാൻ സാദ്ധ്യതയില്ലെന്ന് വിദ്യാഭ്യാസ രംഗത്തെ വിദഗ്ദ്ധർ പറയുന്നു. ഏകജാലകം വഴിയാവും പ്രവേശനം. കൂടാതെ സ്പോർട്സ് ക്വാട്ട, കമ്മ്യൂണിറ്റി ക്വാട്ട, മാനേജ്മെന്റ് ക്വാട്ട എന്നിവ വഴിയും അഡ്മിഷൻ നടക്കും. ഒരു ബാച്ചിൽ 50 വിദ്യാർത്ഥികൾ എന്ന നിലയിലാവും അഡ്മിഷൻ.
# ജില്ലയിൽ ബാച്ചുകളുടെ എണ്ണം
സയൻസ് - 262
ഹ്യുമാനിറ്റീസ് - 66
കൊമേഴ്സ് - 130
ആകെ ബാച്ചുകൾ - 458
ആകെ സീറ്റുകൾ - 22,839