കർശന നടപടികളുമായി അധികൃതർ
ആലപ്പുഴ: ചേർത്തല മാർക്കറ്റിലും വ്യാപാര സ്ഥാപനങ്ങളിലും ഉണ്ടാകുന്ന തിരക്ക് നിയന്ത്രിക്കുന്നതിന് നഗരസഭാ അധികൃതർ പ്രത്യേക ശ്രദ്ധ നൽകാൻ ചേർത്തല നിയമസഭാ നിയോജക മണ്ഡലം തല യോഗം തീരുമാനിച്ചു.
ജനങ്ങളെ ബോധവയ്കരിക്കാൻ മൈക്ക് അനൗൺസ്‌മെന്റ് തുടരും. ടെസ്റ്റിന് ഫലം കഴിവതും വേഗത്തിൽ ലഭ്യമാക്കാൻ നടപടി സ്വീകരിക്കും. ഫയർ ഫോഴ്സിന് ആവശ്യമായ പിപിഇ കിറ്റുകൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സെന്റ് ജോസഫ് കോളേജ് ഒഫ് ഫാർമസി ഹോസ്റ്റൽ റൂമുകളിൽ ആവശ്യമായ താത്കാലിക പവർ പോയിന്റ് ലഭ്യമാക്കും.
താലൂക്ക് ആശുപത്രിയിൽ നാലു വാർഡുകളിലായി 62 ബെഡുകൾ സജ്ജീകരിച്ചിട്ടുള്ളതായും കൊവിഡ് കെയർ സെൻസറുകളുമായി ബന്ധപ്പെട്ട വിഷയം കൈകാര്യം ചെയ്യുന്നതിന് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ, ഹെൽത്ത് ഇൻസ്‌പെക്ടർ എന്നിവർക്ക് നിർദേശം നൽകിയിട്ടുള്ളതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
നിലവിൽ കൊവിഡ്പരിശോധനയ്ക്കായി എത്തുന്നവരും അല്ലാത്തവരുമായ രോഗികളെ പരിശോധിക്കാൻ രണ്ടു വിഭാഗങ്ങളായി തിരിഞ്ഞാണ് ആശുപത്രിയുടെ പ്രവർത്തനം.
അതീവജാഗ്രത പുലർത്തണം
കൊവിഡ് രോഗ വ്യാപനം തടയുന്നതിന് കൃത്യമായ ആസൂത്രണത്തോടെയുള്ള പ്രവർത്തനം നടത്താനും ഹോം ക്വാറന്റൈനിൽ മതിയായ സൗകര്യങ്ങൾ ഉറപ്പുവരുത്താനും ഷാനിമോൾ ഉസ്മാൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു. കല്യാണം പോലുള്ള ചടങ്ങുകളിൽ അനുവദിച്ചതിലും കൂടുതൽ ആളുകൾ എത്തുന്നത് നിയന്ത്രിക്കണമെന്ന് എം.എ.ൽഎ ആവശ്യപ്പെട്ടു.
പഴം, പച്ചക്കറി മാർക്കറ്റിൽ ഉണ്ടാകുന്ന തിരക്ക് നിയന്ത്രിക്കണം. ആരോഗ്യ പ്രവർത്തകർക്ക് ആവശ്യമായ സുരക്ഷാ സാമഗ്രികൾ ഉറപ്പുവരുത്താനും നിർദ്ദേശിച്ചു. ചാവടി മാർക്കറ്റിൽ പരിശോധന അനിവാര്യമാണ്. അരൂർ ഫയർസ്റ്റേഷനിൽ ആവശ്യമായ പി.പി.ഇ കിറ്റുകൾ ലഭ്യമാക്കണം. തുറവൂർ ആശുപത്രിയിലേക്ക് അടിയന്തിരമായി വെന്റിലേറ്റർ അനുവദിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. ചേർത്തല തഹസിൽദാർ ആർ.ഉഷ, വിവിധ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.