അമ്പലപ്പുഴ: പൊഴിമുഖത്തുനിന്നു മാറി തെക്കുഭാഗത്ത് കരിമണൽ എടുക്കാനുള്ള കെ.എം.എം.എൽ ശ്രമം തടഞ്ഞ് സി.പി.എം പ്രവർത്തകർ കൊടികുത്തി തടഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ സി.പി.എം തോട്ടപ്പള്ളി ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്. ശ്രീകുമാറിൻെറ നേതൃത്വത്തിൽ 20 ഓളം പ്രവർത്തകരാണ് പ്രതിഷേധവുമായെത്തി കൊടികുത്തിയത്.
പൊഴിയുടെ വീതിയിൽ മണലെടുക്കാതെ തെക്ക് ഭാഗത്തേക്ക് മാറി ജനവാസമുള്ള സ്ഥലത്താണ് കൂറ്റൻ ഹിറ്റാച്ചി ഉപയോഗിച്ച് മണലെടുപ്പ് നടത്തിയത്. തുടർന്നാണ് പ്രവർത്തകരെത്തി മണലെടുക്കാനുള്ള അതിരുതിരിച്ച് കൊടികുത്തിയത്. പൊഴിമുഖത്തിനിന്നു 100 മീറ്ററോളം തെക്ക് ഭാഗത്തേക്കുമാറി കഴിഞ്ഞ ദിവസം മണലെടുപ്പ് നടത്തിയതിനെതിരെ നാട്ടുകാർ രംഗത്തെത്തിയിരുന്നു. തുടർന്ന് ഇവിടെ നിന്നുള്ള മണലെടുപ്പ് നിറുത്തിവച്ചിരുന്നെങ്കിലും വീണ്ടും ആരംഭിച്ചതാണ് പ്രതിഷേധത്തിനു കാരണം. കളക്ടറുടെ ഉറപ്പിൻമേൽ വൈകുന്നേരത്തോടെ സമരം പിൻവലിച്ചു. കെ. കൃഷ്ണമ്മ, വൈ. പ്രദീപ്, എൻ. അജയൻ, ഇല്ലിച്ചിറ അജയകുമാർ, എം. പ്രസന്നൻ, എസ്. സീമോൻ, സത്യദാസ്, പഞ്ചായത്ത് അംഗം സുനി എന്നിവർ നേതൃത്വം നൽകി.