prasanna-kumar

 കെ.എസ്.ഇ.ബിക്കെതിര നിയമനടപടിയുമായി

ആലപ്പുഴ: കൊവിഡ് കാലത്തെ ബില്ലിലൂടെ കെ.എസ്.ഇ.ബി നൽകുന്ന ഷോക്കിന് തിരിച്ചടി നൽകാനുള്ള നിയമയുദ്ധത്തിലാണ് ആലപ്പുഴ കടപ്പുറം ആശുപത്രിക്കു സമീപം മെഡിക്കൽ ഷോപ്പും ലാബോറട്ടറിയും നടത്തുന്ന പ്രസന്നകുമാർ (54).

വൈകുന്നേരങ്ങളിൽ സ്ഥിരമായുണ്ടാകുന്ന അധിക വൈദ്യുതി പ്രസരണമാണ് പ്രസന്നനെ വലയ്ക്കുന്നത്. മൂന്നു മാസത്തിനിടെ ഒന്നരലക്ഷം രൂപയുടെ നഷ്ടം! പരാതി പറഞ്ഞ് മടുത്തതോടെയാണ് കെ.എസ്.ഇ.ബിക്കെതിരെ നിയമയുദ്ധവുമായി ഇറങ്ങിയത്. കഴിഞ്ഞ ദിവസമുണ്ടായ വോൾട്ടേജ് പ്രസരണത്തിൽ ലാബോറട്ടറിയിലെ പ്രധാന ഉപകരണമായ 1.25 ലക്ഷം വിലമതിക്കുന്ന ഓട്ടോ അനലൈസ‌ർ കത്തി നശിച്ചു. ജീവൻ രക്ഷാ മരുന്നുകൾ സൂക്ഷിക്കാനായി കടയിൽ സ്ഥാപിച്ചിരുന്ന റഫ്രിജറേറ്റർ, വീട്ടിലെ ടി വി, വാഷിംഗ് മെഷീൻ, കമ്പ്യൂട്ടർ, ലാപ്ടോപ്പ് തുടങ്ങിയവയെല്ലാം ഓരോ ദിവസങ്ങളിലായി തകരാറിലായി. സമീപത്തെ വീടുകളിലും ഇതുതന്നെ സ്ഥിതി.

പരാതിപ്പെടുമ്പോൾ ജീവനക്കാരെത്തി പരിശോധിച്ച് അറ്റകുറ്റപ്പണി നടത്തി മടങ്ങുന്നതല്ലാതെ പ്രശ്നപരിഹാരമാകുന്നില്ലെന്ന് പ്രസന്നൻ പറയുന്നു. അധികൃതരുടെ നിർദേശപ്രകാരം, ഉയർന്ന ശേഷിയുള്ള ഫ്യൂസ് കാരിയർ സ്ഥാപിച്ചിട്ടും അധിക വൈദ്യുതി പ്രസരണത്തെ തടുക്കാനാവുന്നില്ല. വീണ്ടും പരാതിപ്പെടുമ്പോൾ അധികൃതർ മുഖം തിരിക്കുകയാണത്രെ. പ്രദേശത്തെ ട്രാൻസ്ഫോർമറിലെ എർത്തിംഗ് തകരാറാണ് പ്രശ്നത്തിന്റെ മൂലകാരണമെന്ന് പ്രസന്നൻ പറയുന്നു. ആൾനാശമോ, അപകടമോ സംഭവിച്ചാൽ ആര് ഉത്തരവാദിത്വം ഏറ്റെടുക്കുമെന്നാണ് ചോദ്യം. തനിക്ക് നേരിട്ട നഷ്ടത്തിനുള്ള പരിഹാരത്തുക വൈദ്യുതി ബോർഡ് നൽകണമെന്നും അടിയന്തര പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് ഉപഭോക്തൃ കോടതിയെ സമീപിച്ചിരിക്കുകയാണ് ഇദ്ദേഹം.