ചാരുംമൂട്: 'അവളെ ഞാൻ കണ്ടു, അവളങ്ങനെ കിടക്കുന്നതു സഹിക്കാൻ കഴിയുന്നില്ല, എന്റെ മോൾ രക്ഷപ്പെടില്ല... എന്റെ ദേവു ഇല്ലാത്ത ലോകത്തു ഞാനുണ്ടാകില്ല... അവൾക്കു മുന്നേ ഞാൻ പോകും...'- കഴിഞ്ഞ ദിവസം രാത്രി ജ്യേഷ്ഠസഹോദരൻ രേജുവിനോടും (വല്യമ്മയുടെ മകൻ) കുഞ്ഞമ്മ രാധയോടും ഫോണിൽ ചന്ദന(ദേവു)യുടെ പിതാവ് ചന്ദ്രബാബു ഇതു പറയുമ്പോഴും ഇങ്ങനെ ചെയ്യുമെന്ന് ആരും കരുതിയിരുന്നില്ല.
രാത്രി ചന്ദ്രബാബുവിനെ ആശ്വസിപ്പിച്ച് രാവിലെ 7 മണിയോടെ രേജുവും രണ്ടു ബന്ധുക്കളും തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ എത്തിയപ്പോഴാണ് ചന്ദ്രബാബു പറഞ്ഞത് വെറും സങ്കടമായിരുന്നില്ലെന്ന വിവരം അവർ ഞെട്ടലോടെ അറിഞ്ഞത്.
കഴിഞ്ഞ വർഷം ഉത്സവത്തിനിടെ മേളക്കാർക്കൊപ്പം നൃത്തം ചെയ്ത ദൃശ്യങ്ങൾ നവ മാദ്ധ്യമങ്ങളിൽ വൈറലായതോടെയാണ് ദേവു ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് ഫ്ളവേഴ്സ് ചാനലിലെ കോമഡി ഉത്സവത്തിലൂടെയും ശ്രദ്ധ നേടി. ചികത്സയ്ക്കു ലക്ഷക്കണക്കിന് രൂപ ചെലവുവന്നതോടെ ദേവുവിന്റെ അവസ്ഥ വാർത്തയാവുകയും സുമനസുകൾ സഹായിക്കുകയും ചെയ്തിരുന്നു. ചികിത്സ തുടർന്നിട്ടും ചന്ദനയുടെ അവസ്ഥയിൽ പുരോഗതിയുണ്ടായില്ല.
വെന്റിലേറ്ററിൽ ആക്കിയശേഷം അമ്മ രജിതയെ മാത്രമേ കുട്ടിയെ കാണിച്ചിരുന്നുള്ളൂ. ചന്ദ്രബാബുവും ആശുപത്രിയിൽത്തന്നെ ഉണ്ടായിരുന്നു. മകളെ കാണണമെന്നു പറഞ്ഞ് കഴിഞ്ഞ ദിവസം ബഹളം വച്ചതിനെ തുടർന്നാണ് ചന്ദ്രബാബുവിനെ കാണിച്ചത്. അതിനുശേഷം താങ്ങാനാവാത്ത വിഷമത്തിലായിരുന്നു. രാത്രി പലതവണ സഹോദരന്മാരെയും കുഞ്ഞമ്മമാരെയും വിളിച്ച് മകളുടെ കാര്യം പറഞ്ഞു കരഞ്ഞു. ചന്ദ്ര ബാബുവിന്റെ ഏക മകളാണ് ദേവു. രണ്ടാമത്തെ മകൾ പിറന്നതിന്റെ രണ്ടാംനാൾ തിരുവനന്തപുരം എസ്.എ.ടിയിൽ വച്ച് മരിച്ചതോടെ അച്ഛന്റെ മുഴുവൻ സ്നേഹവും ദേവുവിലേക്കൊഴുകി. ഡാൻസ് പഠിച്ചിട്ടില്ലെങ്കിലും ദേവുവിന്റെ നൃത്തം എല്ലാവർക്കും ഇഷ്ടമായിരുന്നു. മകളുടെ പെട്ടെന്നുണ്ടായ അസുഖവും രക്ഷപ്പെടാൻ സാദ്ധ്യതയില്ലെന്ന ഡോക്ടർമാരുടെ അഭിപ്രായവും ചന്ദബാബുവിനെ തളർത്തിക്കളഞ്ഞു. പെയിന്റിംഗ് തൊഴിലാളിയായ ചന്ദ്രബാബു നല്ലൊരു ചിത്രകാരനുമാണ്.