spc-home

ആലപ്പുഴ: കാട്ടൂർ ഹോളി ഫാമിലി സ്‌കൂളിലെ കേഡറ്റ് സഹോദരങ്ങളായ അഭിമന്യു സന്തോഷ്, അഭിരാമി സന്തോഷ് എന്നിവർക്കായി ആലപ്പുഴ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് ഭവന പദ്ധതിയിലൂടെ നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽദാനം ഇന്ന് രാവിലെ 9ന് ധനമന്ത്രി തോമസ് ഐസക് നിർവഹിക്കും.

2019 ഫെബ്രുവരിയിൽ അന്നത്തെ ജില്ലാ പൊലീസ് മേധാവി എസ്.സുരേന്ദ്രനാണ് വീടിന് തറക്കല്ലിട്ടത്. സിവിൽ പൊലീസ് ഓഫീസർ മനോജ് മുരളിയാണ് പ്ലാൻ വരച്ചതും നിർമ്മാണ മേൽനോട്ടം നിർവഹിച്ചതും. ജില്ലയിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെയും, പൊലീസ് ഉദ്യോഗസ്ഥരുടെയും, അദ്ധ്യാപകരുടെയും, റസിഡന്റ്സ് അസോസിയേഷൻ ആൻഡ് പൊലീസ് ഇനിഷ്യേറ്റീവ് ഫോർ ഡെവലപ്മെന്റിന്റെയും, മറ്റ് സുമനസുകളുടെയും സഹായത്തോടെയാണ് നിർമ്മാണം പൂർത്തീകരിച്ചത്. കുട്ടികളുടെ മാതാവ് നേരത്തേ മരിച്ചതാണ്. പ്രതികൂല സാഹചര്യത്തിലും അഭിമന്യുവിന് കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എപ്ലസ് ലഭിച്ചിരുന്നു. നിർമ്മാണ സാമഗ്രികൾ വാങ്ങിയതിന്റെ കടം വീട്ടാനുള്ളതും, പുതിയ വീട്ടിലേക്ക് ഗൃഹോപകാരങ്ങളോ ഫർണിച്ചറോ ഇല്ലാത്തതും സഹായങ്ങളിലൂടെ സഹായത്താൽ മറികടക്കാനാകും എന്ന പ്രതീക്ഷയിലാണ് അധികൃതർ.