photo

ചേർത്തല:എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര, ചേർത്തല യൂണിയനുകളുടേയും മൈക്രോഫിനാൻസിന്റെയും കണക്കുകൾ യോഗം കൗൺസിലിന്റെ മേൽനോട്ടത്തിൽ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇരു യൂണിയൻ കൗൺസിലുകളും ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കത്ത് നൽകി.

കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയായിരുന്ന കെ.കെ. മഹേശന്റെ മരണം കണിച്ചുകുളങ്ങര,ചേർത്തല യൂണിയനുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രശ്നങ്ങൾ മൂലമാണെന്നുള്ള പ്രചരണം നടക്കുന്നതിനാൽ ഇതിന്റെ സത്യാവസ്ഥ അറിയാനും ദുരൂഹതകൾ മാറ്റാനുമാണ് യോഗത്തിന്റെ മേൽനോട്ടത്തിൽ അന്വേഷിക്കാൻ ഇരു യൂണിയൻ കൗൺസിലും ശുപാർശ ചെയ്തത്.ചേർത്തല യൂണിയൻ കൺവീനറായും 6 വർഷത്തോളം മഹേശൻ പ്രവർത്തിച്ചിരുന്നു.ഇക്കാലയളവിൽ മൈക്രോഫിനാൻസ് വായ്പ അനുവദിച്ചതിലുൾപ്പെടെ വ്യാപകമായ പരാതികൾ ഉയർന്നിരുന്നു.

ഇതിനിടെ കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി ഇൻ ചാർജ്ജായി യോഗം കൗൺസിലർ പി.എസ്.എൻ. ബാബുവിനെ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിയമിച്ചു.കഴിഞ്ഞ ദിവസം കൂടിയ കൗൺസിൽ യോഗം പി.എസ്.എൻ. ബാബുവിന്റെ പേര് നിർദ്ദേശിച്ചിരുന്നു.പ്രസിഡന്റ് വി.എം.പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു.യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ കെ.കെ.പുരുഷോത്തമൻ,കൗൺസിലർമാരായ സുനീത്ബാബു,ഗംഗാധരൻ മാമ്പൊഴി,കെ.സോമൻ,ശശിധരൻ,ഷൈജു,സിബി നടേശ് എന്നിവർ സംസാരിച്ചു.യൂണിയൻ വൈസ് പ്രസിഡന്റ് പി.കെ.ധനേശൻ സ്വാഗതവും പി.എസ്.എൻ. ബാബു നന്ദിയും പറഞ്ഞു.