th

ഹരിപ്പാട്: എ പ്ളസ് നേട്ടത്തിന്റെ ഇരട്ടി സന്തോഷത്തിലാണ് ഇരട്ട സഹോദരങ്ങളായ ഗാഥയും ഗോപുവും . രണ്ട് സ്കൂളുകളിലാണ് പഠിച്ചതെങ്കിലും എല്ലാ വിഷയത്തിനും എ പ്ളസ് നേടി നാടിന് അഭിമാനമായി മാറി ഇരുവരും.

മണ്ണാറശ്ശാല യു.പി സ്കൂൾ വരെ ഒന്നിച്ച് പഠിച്ച ഇരുവരും ഹൈസ്കൂളിലായപ്പോൾ ഹരിപ്പാട് ഗവ.ബോയ്സ് ഹൈസ്കൂൾ, ഗവ.ഗേൾസ് ഹൈസ്കൂൾ എന്നിവിടങ്ങളിലാണ് പഠിച്ചത്. ഹരിപ്പാട് തുലാംപറമ്പ് നടുവത്ത് ചൂരയ്ക്കാട്ട് വീട്ടിൽ ഗോപാലകൃഷ്ണൻ നായരുടെയും സുകുമാരിയുടെയും മക്കളാണ്. പാഠ്യേതര വിഷയങ്ങളിലും ഇരുവരും മികവ് പുലർത്തുന്നുണ്ട്. ഗോപു എസ്.പി.സി കേഡറ്റാണ്. സാമൂഹിക ശാസ്ത്രമേളയിൽ ക്വിസ് മത്സരത്തിൽ ജില്ലാ തലത്തിൽ പങ്കെടുത്തു. ആർ.എം.എസ്.എയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ഐ.എസ്.ആർ.ഒയിൽ ക്യാമ്പിൽ പങ്കെടുത്തിട്ടുണ്ട്. കൊവിഡ് കാലത്ത് പിതാവിനൊപ്പം ജൈവകൃഷിയിലും പങ്കാളിയായിരുന്നു. ഗാഥ ലിറ്റിൽ കൈറ്റ്സ് അംഗമായിരുന്നു. വിദ്യാരംഗം സംസ്ഥാന ക്യാമ്പിൽ തുടർച്ചയായി രണ്ട് വർഷം പങ്കെടുത്തു. ഇരുവരും രാമായണ പ്രശ്നോത്തരിയിൽ പങ്കെടുത്ത് നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്.