photo

പിടിയിലായത് പരോളിലിറങ്ങിയ കൊലക്കേസ് പ്രതി

ചേർത്തല:വസ്തുതർക്കത്തിൽ സുപ്രീംകോടതി അഭിഭാഷകൻ നൽകിയ ക്വട്ടേഷൻ പ്രകാരം അക്രമം നടത്തിയ കൊലക്കേസ് പ്രതിയടക്കം നാലുപേർ പിടിയിൽ. മുനിസിപ്പൽ 21-ാം വാർഡ് അരീപ്പറമ്പ് കുന്നേൽവെളി സുരേഷിനെ (48) ആക്രമിച്ച കേസിലാണ് സംഘം പിടിയിലായത്.

മൂന്നു കൊലപാതകമുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയും നിലവിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ച് പരോളിൽ ഇറങ്ങിയ ഗുണ്ടാനേതാവുമായ തൃശൂർ നെല്ലായി വയലൂർകൈപ്പള്ളി ഭവനിൽ കഞ്ചൻ എന്നു വിളിക്കുന്ന രാഗേഷ് (43), എറണാകുളം ഞാറയ്ക്കൽ പണിക്കശ്ശേരിൽ ലെനീഷ് (33), ഞാറയ്ക്കൽ കൊച്ചുവേലിക്കകത്ത് ജോസഫ്‌ ലിബിൻ (25),വൈപ്പിൻ ബ്ലാവേലി വീട്ടിൽ ശ്യാം (34) എന്നിവരെയാണ് ചേർത്തല പൊലീസ് ഇൻസ്പക്ടർ പി.ശ്രീകുമാർ, എസ്.ഐ ലൈസാദ് മുഹമ്മദ് എന്നിവർ ചേർന്ന് അറസ്​റ്റുചെയ്തത്. പിടിയിലായവരെല്ലാം നിരവധി കേസുകളിൽ പ്രതികളാണ്.രാഗേഷ് പരോളിലിറങ്ങി ക്വട്ടേഷൻ പ്രവർത്തനം നടത്തുകയാണ്.ക്വട്ടേഷൻ നൽകിയ അഭിഭാഷകനടക്കം രണ്ടു പേർ പിടിയിലാവാനുണ്ട്. ഇവർ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.

അഭിഭാഷകനായ ബാലകൃഷ്ണപിള്ള ഏർപ്പെടുത്തിയ ക്വട്ടേഷൻ പ്രകാരമാണ് ഗുണ്ടാനേതാവും സംഘവും ചേർത്തലയിലെത്തി അക്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.അക്രമത്തിനിരയായ സുരേഷും ബാലകൃഷ്ണപിള്ളയും ബന്ധുക്കളാണ്.ഇവർ തമ്മിൽ വീട്ടിലേക്കുള്ള വഴിയുടെ പേരിൽ സിവിൽ കേസ് നിലവിലുണ്ട്. അക്രമത്തിനിടെ സുരേഷിനെ രക്ഷിക്കാൻ ശ്രമിച്ച സഹോദരി ഉമാദേവിയെ (53) അക്രമിച്ചതായും പരാതിയുണ്ട്. സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ബാലകൃഷ്ണപിള്ളയെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസ് രജിസ്​റ്റർ ചെയ്തിരിക്കുന്നത്.ചേർത്തല സ്വദേശിയായ ഒരാളാണ് ക്വട്ടേഷൻ സംഘത്തെ ഏർപ്പാടാക്കിയത്.ഇയാൾക്കായി തെരച്ചിൽ നടക്കുകയാണ്. പരിക്കേ​റ്റ സുരേഷിന്റെ ഭാര്യ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു.എസ്.ഐമാരായ ചന്ദ്രശേഖരൻനായർ,ബാബു,എ.എസ്.ഐ സലിംകുമാർ,സി.പി.ഒ രതീഷ്,അജിത്,ട്രീസ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.