മാവേലിക്കര: മതിയായ യാത്രാരേഖകളില്ലാതെ മഹാരാഷ്ട്രയിൽ നിന്ന് മാവേലിക്കര കെ.എസ്.ആർ.ടി.സി ഡിപ്പോയിലെത്തിയ ദമ്പതികൾ ആശങ്ക പരത്തി. ഇടപ്പോൺ സ്വദേശികളായ ഇവർ ബസ് മാർഗ്ഗമാണ് ആലപ്പുഴയിൽ നിന്ന് മാവേലിക്കരയിൽ എത്തിയത്.

ഏറെനാളായി മഹാരാഷ്ട്രയിൽ സ്ഥിരതാമസക്കാരായിരുന്ന ഇവർ ഇടപ്പോണിലുള്ള ബന്ധുവീട്ടിലേക്കാണ് വന്നത്. എന്നാൽ വീട്ടുകാർ ആശങ്ക പ്രകടിപ്പിച്ചതിനെ തുടർന്ന് സ്റ്റാൻഡിൽ അകപ്പെടുകയായിരുന്നു. സംശയം തോന്നിയ കണ്ടക്ടർ ചോദിച്ചപ്പോളാണ് വിവരങ്ങൾ അറിയുന്നത്. തുടർന്ന് ആരോഗ്യ പ്രവർത്തകർ എത്തി ഇവരെ ഇടപ്പോണിലെ സ്വകാര്യ ആശുപത്രിയിൽ ക്വാറന്റൈനിലേക്ക് മാറ്റി. ചെങ്ങന്നൂർ ഡിപ്പോയിലെ ബസിലാണ് ഇവർ മാവേലിക്കരയിൽ എത്തിയത്.