photo

ചേർത്തല: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പഞ്ചായത്തിലെ 23 വാർഡുകളിലും ആരോഗ്യ പ്രവർത്തകരെയും 50,000 വരുന്ന ജനങ്ങളേയും കൂട്ടിയോജിപ്പി മികവിന് തണ്ണീർമുക്കം പഞ്ചായത്തിന് റോട്ടറി ക്ളബ്ബിന്റെ അവാർഡ്.

കുടുംബശ്രീ അയൽക്കൂട്ടങ്ങളുടെയും മ​റ്റ് സന്നദ്ധ സംഘടനകളുടേയും ചെറിയ കൂട്ടയ്മകളിലൂടെ നടത്തിയ ബോധവത്കരണം ശ്രദ്ധേയമായിരുന്നു.പഞ്ചായത്ത് പ്രദേശത്ത് ഇതിനകം വിദേശത്ത് നിന്നും ഇതര സംസ്ഥാനത്ത് നിന്നും വന്ന രണ്ട് വ്യക്തികൾക്ക് കൊവിഡ് ബാധിച്ച ഘട്ടത്തിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ രോഗികളുടെ വീടും പരിസരവും പൊതുസ്ഥലങ്ങളും അണുനശീകരണം നടത്തിയിരുന്നു. കൂടാതെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഭരണസമിതി അംഗങ്ങളും അലോപ്പതി, ആയുർവ്വേദം, ഹോമിയോ ഡോക്ടർമാരുടെ നേതൃത്വത്തിൽ നടത്തിയ രോഗ പ്രതിരോധ പ്രവർത്തനങ്ങളും ബോധവത്കരണവും മാതൃകയായി. സമൂഹ അകലം പാലിക്കുന്നതിന് കുടഅകലം എന്ന ആശയം ആദ്യമായി നടപ്പിലാപ്പാക്കിയതും,തൂവാല വിപ്ലവം എന്ന പേരിൽ ജനശ്രദ്ധ ആകർഷിച്ച പദ്ധതിയും ശ്രദ്ധേയമായിരുന്നു. ഇതിനൊപ്പം നിരവധി പദ്ധതികളും പഞ്ചായത്ത് നടപ്പാക്കിയിരുന്നു.

തണ്ണീർമുക്കം പഞ്ചായത്തിനായി പ്രസിഡന്റ് അഡ്വ.പി.എസ് ജ്യോതിസിന് അവാർഡ് നൽകി ആദരിച്ചു. ചേർത്തല ടൗൺ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് പി.സന്തോഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. ജിതേഷ് നമ്പ്യാർ സുബൈർഷാംസ്, സൈറസ് വന്യംപറമ്പിൽ,കെ.ബി.ഹർഷകുമാർ, അനിൽ ഗോകുലം, സേവ്യർ, ജെയിംസ്‌കുട്ടി, മാത്യു എന്നിവർ പങ്കെടുത്തു.