class-1

ആലപ്പുഴ: കുഞ്ഞുകൂട്ടുകാർക്ക് അറിവിന്റെ വെളിച്ചവുമായി 'കിളിക്കൊഞ്ചലെത്തി". വനിതാ ശിശുവികസന വകുപ്പ് സി ഡിറ്റിന്റെ സഹകരണത്തോടെ മൂന്ന് വയസ് മുതലുള്ള അങ്കണവാടി കുട്ടികൾക്കായി ഒരുക്കുന്ന ഓൺലൈൻ ക്ലാസുകളാണ് കിളിക്കൊഞ്ചൽ. രാവിലെ 8 മണിക്കും, രാത്രി 9 മണിക്കും വിക്ടേഴ്സ് ചാനൽ വഴിയാണ് സംപ്രേഷണം. കൂടാതെ അതത് ദിവസത്തെ വീഡിയോ ക്ലാസുകൾ ശിശുവികസന വകുപ്പിന്റെ ഡബ്ല്യു സി ഡി എന്ന യൂടൂബ് ചാനലിലും ലഭ്യമാണ്. ആകെ 30 വിഷയങ്ങളാണ് കുട്ടികൾക്കു വേണ്ടി തയാറാക്കുന്നത്. ഒരു വിഷയം തന്നെ അഞ്ച് ദിവസം വ്യത്യസ്ത ക്ലാസുകളായി അവതരിപ്പിക്കും. പക്ഷികൾ എന്ന വിഷയമാണ് ആദ്യ ആഴ്ച . വിവിധ തരം പക്ഷികളെയും, അവയുടെ പ്രത്യേകതകളെയും തിരിച്ചറിയാൻ സഹായിക്കുന്ന ആദ്യ ക്ലാസ് കുട്ടികളുടെ സ്വതന്ത്ര സംഭാഷണത്തെ വളർത്തുന്നതിന് വേണ്ടിയാണ് തയാറാക്കിയത്. രണ്ടാമത്തെ സെഷനിൽ ആംഗ്യപാട്ടുകളാണ് അവതരിപ്പിച്ചത്. കുഞ്ഞുങ്ങളുടെ ഭാഷാവികസനത്തിനൊപ്പം ശാരീരികചാലകവികസനത്തിനും ഇത്തരം ക്ലാസുകൾ സഹായിക്കുന്നു. ഇന്നലത്തെ മൂന്നാം സെഷനിൽ കോഴിക്കുഞ്ഞിനെ നിർമിക്കുന്നതാണ് ടീച്ചർ കുട്ടികൾക്കായി പഠിപ്പിച്ചത്. ഓരോ കുഞ്ഞിന്റെയും സർഗാത്മകവും, ക്രിയാത്മകവുമായ വളർച്ചയ്ക്കൊപ്പം സൂക്ഷമപേശീവികാസം കൂടിയാണ് ഇത്തരം ക്ലാസുകളുടെ ലക്ഷ്യം. തിരുവന്തപുരം ജില്ലയിലെ അംഗനവാടി വർക്കർമാരാണ് ആദ്യ ക്ലാസുകൾ അവതരിപ്പിക്കുന്നത്. ആലപ്പുഴയിലെ വർക്കർമാർക്കുള്ള പരിശീലനം പുരോഗമിക്കുകയാണ്. ആഴ്ചയിൽ രണ്ട് ജില്ല എന്ന തരത്തിൽ ഉടൻ ചിത്രീകരണം പൂർത്തിയാകും.

''ക്ലാസ് സമയത്തിൽ മാറ്റം വരുത്തണമെന്ന നിർദ്ദേശം ഉയർന്നിട്ടുണ്ട്. വൈകാതെ തന്നെ വീഡിയോകൾ സമൂഹമാദ്ധ്യമങ്ങൾ വഴി രക്ഷിതാക്കളുടെ ഫോണുകളിലേക്ക് അയച്ചു നൽകും.

- ശിശു വികസന വകുപ്പ് അധികൃതർ