ചേർത്തല : 24കാരിയായ സ്വാതിഷയുടെ ജീവൻ രക്ഷിക്കാനായി 5ന് വയലാർ ഗ്രാമം ഒറ്റക്കെട്ടായിറങ്ങും ഏഴാം വാർഡിൽ ചിറയിൽ പറമ്പിൽ സ്വാതിഷയുടെ ജീവൻ ഡയാലിസിസിലൂടെയാണ് ഇപ്പോൾ നിലനിറുത്തുന്നത്.
പ്രസവത്തെ തുടർന്ന് ഇരുവൃക്കകളും തകരാറിലായതിനാൽ രണ്ടു വർഷമായി സ്വാതിഷ ഗുരുതരാവസ്ഥയിലാണ്.രണ്ടുവയസുകാരനായ മകനെ ഒന്നെടുക്കാൻ പോലും കഴിയാത്ത സ്ഥിതിയിലാണിപ്പോൾ. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ മാത്രമാണ് പ്രതിവിധി. മാതാവ് ഉഷയുടെ വൃക്കമാറ്റിവെക്കാൻ പരിശോധനകൾ പൂർത്തിയായെങ്കിലും ശസ്ത്രക്രിയക്കും തുടർ ചികിത്സക്കുമായുള്ള പണം കണ്ടെത്താനാകാത്തത് പ്രതിസന്ധിയായി.12 ലക്ഷമാണ് ഇതിനായി വേണ്ടത്.ഈ സാഹചര്യത്തിലാണ് വയലാർ ഗ്രാമപഞ്ചായത്ത് ജീവൻരക്ഷാസമിതി സഹായവുമായെത്തിയത്.5ന് രാവിലെ എട്ടു മുതൽ 11വരെ എല്ലാ വീടുകളിലും ധനസമാഹരണം നടത്തുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.വി.ബാബു,ജനറൽ കൺവീനർ ഡി.പ്രകാശൻ,യു.ജി.ഉണ്ണി,പി.എ.മൂസാക്കുട്ടി,സി.ആർ.ബാഹുലേയൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ഇതിനായി 16 വാർഡുകളിലും പ്രത്യേകം കമ്മിറ്റികളും ഓരോ വാർഡിലും എട്ടു വീതം സ്‌ക്വാഡുകളും സജ്ജമാക്കിയിട്ടുണ്ട്.മാർച്ച് 22 ന് നിശ്ചയിച്ചിരുന്ന ജനകീയ ഫണ്ട് ശേഖരണംകൊവിഡ് പശ്ചാത്തലത്തിൽ മാറ്റി വയ്ക്കുകയായിരുന്നു.