s

ആലപ്പുഴ : മൂന്ന് തൂണുകൾക്ക് ബലക്ഷയം കണ്ടെത്തിയതോടെ പാതിവഴിയിൽ നിർമ്മാണം നിലച്ച ആലപ്പുഴ ഗവ. ആയുർവേദ പഞ്ചകർമ്മ ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റി കെട്ടിട സമുച്ചയത്തിന് ശാപമോക്ഷം ഇനിയും അകലെ.കെ.സി. വേണുഗോപാൽ എം.പി അന്നത്തെ കേന്ദ്ര ആരോഗ്യമന്ത്രി ഗുലാം നബി ആസാദിന് നൽകിയ നിവേദനത്തെ തുടർന്നാണ് കേന്ദ്രസർക്കാരിന്റെ ആയുഷ് മന്ത്രാലയം പഞ്ചകർമ്മ ആശുപത്രിയുടെ പുതിയ കെട്ടിടത്തിന് ഫണ്ട് അനുവദിച്ചത്.

തുടർന്ന് വലിയചുടുകാട് ജംഗ്ഷന് സമീപം ആലപ്പുഴ നഗരസഭയുടെ ഒരേക്കർ 60 സെന്റ് ഭൂമി സർക്കാർ ഏറ്റെടുത്തു. അഞ്ചുകോടി രൂപ ആയുഷ് മന്ത്രാലയം കെട്ടിടനിർമ്മാണത്തിന് അനുവദിച്ചു. 2014ൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കെട്ടിടത്തിന് തറക്കല്ലിട്ടു. 2015 ജനുവരി 27ന് കെട്ടിടനിർമ്മാണം പൂർത്തിയാക്കുമെന്നായിരുന്നു കരാർ. പക്ഷെ, ഒന്നും നടന്നില്ല.

വലിയ ചുടുകാട്ടിലെ പുന്നപ്ര- വയലാർ രക്തസാക്ഷി മണ്ഡപത്തിന് പിന്നിലായുള്ള സ്ഥലത്താണ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ നിർമ്മാണം ആരംഭിച്ചത്. ഹിന്ദുസ്ഥാൻ ഫ്രീ ഫാബ്സ് ലിമിറ്റഡാണ് കരാറെടുത്തിരുന്നത്. ആദ്യ ഗഡുവായി ലഭിച്ച 2 കോടി രൂപ കൊണ്ട് പൈലിംഗ് അടക്കം 159 തൂണുകളുടേയും കെട്ടിടത്തിന്റെ അടിത്തറയും സ്ലാബുകളുടെ നിർമ്മാണമാണ് പൂർത്തിയാക്കിയത്. കെട്ടിടത്തിൽ അപാകതയുണ്ടെന്ന പരാതി ഉയർന്ന സാഹചര്യത്തിൽ ബി.എസ്.എൻ.എൽ. എൻജിനിയറിംഗ് വിഭാഗം പരിശോധന നടത്തുകയും മൂന്ന് തൂണുകൾക്ക് ബലക്ഷയമുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. ഇതോടെ നിർമ്മാണം നിലച്ചു.

എല്ലാ അപാകതകളും പരിഹരിച്ച് വീണ്ടും നിർമ്മാണം തുടങ്ങാൻ സർക്കാർ അനുമതി നൽകി. പഞ്ചകർമ്മ ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റി തലത്തിലേക്കുയരുമ്പോൾ സാധാരണക്കാർക്ക് മികച്ച സൗകര്യങ്ങൾ ലഭ്യമാക്കാൻ കഴിയും. ഫൗണ്ടേഷന്റെ ജോലികളും ആദ്യനിലയുടെ കുറച്ച് ഭാഗങ്ങളും മാത്രമാണ് ഇപ്പോൾ പൂർത്തിയായത്. നിർമ്മാണം നിലച്ച കെട്ടിടം ഇപ്പോൾ കാടുകയറി തെരുവു നായ്ക്കളുടെ താവളമായി മാറി. ഒന്നാംനില പൂർത്തിയായി കഴിഞ്ഞാൽ, കളർകോടുള്ള വാടകകെട്ടിടത്തിൽ നിന്നും ജില്ലാ പഞ്ചകർമ്മ ആശുപത്രി ഇവിടേക്ക് മാറ്റാൻ ധാരണയായിരുന്നു.

പണി മുടങ്ങിയത്

 മൂന്നുനില കെട്ടിടത്തിനാണ് അഞ്ചുകോടി രൂപ അനുവദിച്ചത്.

 പണി പുരോഗമിക്കുന്നതിനിടെ കെട്ടിടത്തിന്റെ ഒന്നാംനിലയിലെ തൂണുകൾ ഇളകുന്നതായും നിർമ്മാണത്തിൽ അഴിമതിയുണ്ടെന്നും ആരോപണം ഉയർന്നു.
കെട്ടിടത്തിന്റെ രൂപരേഖയിൽ വ്യതിയാനം സംഭവിച്ചതായി എൻജിനീയറിംഗ് വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തി.
 നാളിതുവരെ സംസ്ഥാന ആരോഗ്യവകുപ്പോ ആയുർവേദ ഡിപ്പാർട്ടമെന്റോ ഫലപ്രദമായി ഇടപെട്ടിട്ടില്ല.

"കെട്ടിടത്തിന്റെ നിർമ്മാണം സർക്കാർ അടിയന്തരമായി ഇടപെട്ട് പുനരാംഭിക്കണം. താൻ ഇരവുകാട് കൗൺസിലർ ആയിരിക്കേയാണ് സ്ഥലം നഗരസഭയിൽ നിന്ന് അനുവദിച്ചത്.

ബഷീർ കോയാപറമ്പിൽ

നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ