ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂണിയനിലെ 11.5 കോടിയുടെ മൈക്രോഫിനാൻസ് സാമ്പത്തിക തട്ടിപ്പ് കേസിൽ യൂണിയൻ മുൻ പ്രസിഡന്റും സ്‌പൈസസ് ബോർഡ് ചെയർമാനുമായ സുഭാഷ് വാസുവിനെ ഉടൻ അറസ്​റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ടി.കെ. മാധവൻ സ്മാരക മാവേലിക്കര യൂണിയന്റെ നേതൃത്വത്തിൽ ആലപ്പുഴ ക്രൈം ബ്രാഞ്ച് ഓഫീസിനുമുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മ​ിറ്റി കൺവീനർ അഡ്വ. സിനിൽ മുണ്ടപ്പള്ളി സമരം ഉദ്ഘാടനം ചെയ്തു. സാമ്പത്തിക തട്ടിപ്പുകേസിലെ പ്രതി ദൃശ്യമാധ്യമങ്ങളിലടക്കം പ്രത്യക്ഷപ്പെട്ടിട്ടും അറസ്റ്റ് വൈകുന്നത് പ്രതിഷേധാർഹമാണ്. നീതിന്യായ വ്യവസ്ഥയെയും കോടതികളെയും ഇത്തരക്കാർ വെല്ലുവിളിക്കുകയാണ്. അന്തരിച്ച കണിച്ചുകുളങ്ങര മുൻ യൂണിയൻ സെക്രട്ടറി കെ.കെ. മഹേശനുമായി താൻ രണ്ടര മണിക്കൂർ സംസാരിച്ചെന്ന സുഭാഷ് വാസുവിന്റെ ചാനലിലൂടെയുള്ള വെളിപ്പെടുത്തൽ ദുരൂഹത വർദ്ധിപ്പിക്കുന്നു. സുഭാഷ് വാസുവിന്റെ ഫോൺ കോളുകൾ പരിശോധിക്കണം. മൈക്രോ ഫിനാൻസ് അക്കൗണ്ടുകൾ വഴി കെ.കെ. മഹേശന്റെ സ്വകാര്യ അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്തിട്ടുണ്ടോ എന്നത് അടിയന്തരമായി പരിശോധിക്കണമെന്നും സിനിൽ മുണ്ടപ്പള്ളി ആവശ്യപ്പെട്ടു.

കെ.കെ. മഹേശന്റെ മരണവുമായി സുഭാഷ് വാസുവിനുള്ള ബന്ധം അന്വേഷിക്കണമെന്ന് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച ഗോപൻ ആഞ്ഞിലിപ്ര പറഞ്ഞു. രാജൻ ഡ്രീംസ് മുഖ്യപ്രഭാഷണം നടത്തി. വിനു ധർമ്മരാജൻ, സുരേഷ് പള്ളിയ്ക്കൽ, ശ്രീജിത്ത്.ഡി, രാജീവ്, അഖിൽ കടവൂർ, രാജേഷ് കരിപ്പുഴ എന്നിവർ പങ്കെടുത്തു. വരും ദിവസങ്ങളിൽ സുഭാഷ് വാസുവിന്റെ വസതിയ്ക്കു മുൻപിൽ കഞ്ഞിവയ്പ്പുസമരം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.