ആലപ്പുഴ: തോട്ടപ്പള്ളി ഫിഷിംഗ് ഹാർബറിന്റെ രണ്ടാം ഘട്ട പ്രവർത്തനത്തിന് ആരംഭം കുറിച്ചതായി മന്ത്റി ജി.സുധാകരൻ അറിയിച്ചു. 13.5 കോടി രൂപയുടെ നിർമ്മാണപ്രവർത്തനങ്ങൾക്കാണ് തുടക്കമായത്.
തോട്ടപ്പള്ളി ഫിഷിംഗ് ഹാർബറിന്റെ രണ്ടാം ഘട്ട വികസനത്തിനായി ഫിഷറീസ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് സ്‌കീമിൽ ഉൾപ്പെടുത്തി 96 കോടി രൂപയുടെ പദ്ധതിയാണ് നബാർഡിനായി സമർപ്പിച്ചിട്ടുള്ളത്. ഇതിന്റെ അംഗീകാരം ലഭ്യമാകുന്നതിന്റെ കാലതാമസം ഒഴിവാക്കി സംസ്ഥാന സർക്കാരിന്റെ ഫണ്ടിൽ നിന്നും 13.5 കോടി രൂപയാണ് ഇപ്പോൾ അനുവദിച്ചിട്ടുള്ളത്. ഹാർബറിന്റെ പടിഞ്ഞാറ് ഭാഗത്തെ കര ഭിത്തിയുടെ 250 മീറ്റർ വടക്കോട്ട് നീളം വർദ്ധിപ്പിക്കുകയും നിലവിലുള്ള ഭിത്തിയുടെ അറ്റകുറ്റപ്പണി പൂർത്തീകരിക്കുകയുമാണ് ആദ്യ ഘട്ടത്തിൽ ചെയ്യുക. ഇതിനായി 500 മുതൽ 2000 കി.ഗ്രാം വരെയുള്ള കൂറ്റൻ പാറകൾ എത്തിക്കും. വടക്കോട്ടുള്ള ഭാഗം 450 മീറ്റർ നീളത്തിൽ കടലിലേക്ക് പുതിയ ഭിത്തി നിർമ്മിക്കുകയും ഹാർബറിന്റെ വിസ്തൃതി നിലവിലുള്ളതിനേക്കാൾ രണ്ട് ഇരട്ടിയാക്കി ഇപ്പോഴുള്ള മണ്ണ് അടിയുന്നതടക്കം ഒഴിവാക്കുന്ന രീതിയാണ് പുതിയ പദ്ധതിയിലുള്ളത്. ഇപ്പോഴത്തെ 13.5 കോടി രൂപക്ക് ചെയ്യുന്ന പ്രവൃത്തി 6 മാസം കൊണ്ട് പൂർത്തീകരിക്കാനാണ് നിർദ്ദേശിച്ചിട്ടുള്ളത്.
കൊവിഡ് പശ്ചാത്തലത്തിൽ ഉദ്ഘാടനത്തിന് നോക്കി നിൽക്കാതെ അടിയന്തിരമായി നിർമ്മാണം ആരംഭിക്കുവാൻ മന്ത്റി ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയതോടെയാണ് കല്ല് ഇറക്കുന്നത് ആരംഭിച്ചത്. ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം മന്ത്റിമാരായ ജെ.മേഴ്സിക്കുട്ടിയമ്മ, ജി.സുധാകരൻ എന്നിവർ പങ്കെടുത്ത് പിന്നീട് നടത്തും.