housewarming

ആലപ്പുഴ: കലവൂർ സർവോദയപുരം നികർത്തിൽ വീട്ടിൽ സന്തോഷിന്റേയും പരേതയായ സജിതയുടെയും മക്കളായ അഭിരാമിക്കും അഭിമന്യുവിനും ഇനി സ്വന്തം വീട്ടിൽ തലചായ്ക്കാം. കാട്ടൂർ ഹോളി ഫാമിലി സ്‌കൂളിലെ വിദ്യാർത്ഥികളായ ഇരുവർക്കും ആലപ്പുഴ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് ഭവന പദ്ധതിയിലൂടെയാണ് വീട് നിർമ്മിച്ച് നൽകിയത്. അഞ്ചുസെന്റിൽ രണ്ടു കിടപ്പുമുറി, ഹാൾ, അടുക്കള, സിറ്റൗട്ട്, അറ്റാച്ച്ഡ് ബാത്ത് റൂം എന്നിവ ഉൾപ്പെട്ടതാണ് വീട്. കേഡറ്റുകളും രക്ഷിതാക്കളും ചേർന്ന് മൂന്നുലക്ഷം രൂപയും റെസിഡൻസ് അസോസിയേഷൻ ആൻഡ് പൊലീസ് ഇനിഷിയേറ്റീവ് ഫോർ ഡെവലപ്മെന്റ് ഒന്നരലക്ഷം രൂപയും സമാഹരിച്ചുനൽകിയിരുന്നു. കൂടാതെ വിവിധ സന്നദ്ധ സംഘടനകളും വ്യക്തികളും സഹായിച്ചു. ആറ് വർഷം മുൻപ് സജിതയുടെ മരണശേഷം വീടെന്നു പറയാൻപോലുമാവാത്ത സാഹചര്യത്തിലാണ് കുടുംബം കഴിഞ്ഞിരുന്നത്. വിവരമറിഞ്ഞതോടെ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ്സ് ദൗത്യം ഏറ്റെടുക്കുകയായിരുന്നു .ഇന്നലെ രാവിലെ നടന്ന ചടങ്ങിൽ ജില്ലാ പൊലീസ് മേധാവി പി.എസ് സാബു വീടിന്റെ താക്കോൽ അഭിമന്യുവിനും അഭിരാമിക്കും കൈമാറി.ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.റ്റി.മാത്യു, എസ്.പി.സി ജില്ലാ നോഡൽ ഓഫീസറും ക്രൈം റെക്കോഡ്‌സ് ബ്യുറോ ഡി.വൈ.എസ്.പിയുമായ എസ്.വിദ്യാധരൻ, എസ്.പി.സി അസിസ്റ്റന്റ് നോഡൽ ഓഫീസർ കെ..വി.ജയചന്ദ്രൻ, മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തംഗം സി.ആർ.രമേഷ്‌ തുടങ്ങിയവർ പങ്കെടുത്തു.