തുറവൂർ: ദേശീയപാതയിൽ കോടംതുരുത്ത് ഭാഗത്തെ അശാസ്ത്രീയമായ കാനനിർമ്മാണത്തിൽ പ്രതിഷേധിച്ചു നാട്ടുകാർ നിൽപ്പു സമരം സംഘടിപ്പിച്ചു. നിരന്തര മുറവിളികൾക്കൊടുവിൽ, കോടംതുരുത്ത് ബസ് സ്റ്റോപ്പിന് സമീപമുള്ള വലിയ വെള്ളക്കെട്ടിന് പരിഹാരമായി ലക്ഷങ്ങൾ ചെലവിട്ട് മാസങ്ങൾക്ക് മുൻപാണ് ദേശീയ പാത അധികൃതർ കാന നിർമ്മിച്ചത്. എന്നാൽ കാന നിർമ്മാണത്തിലെ അപാകതയെ തുടർന്ന് മഴക്കാലത്ത് വീണ്ടും കനത്ത വെളളക്കെട്ട് രൂപപ്പെട്ടു.ഭൂമി നിരപ്പിൽ നിന്നും ഉയരത്തിൽ കാന നിർമ്മിച്ചിരിക്കുന്നതിനാൽ വെള്ളക്കെട്ട് പരിഹരിക്കാൻ സാധിക്കുകയില്ലെന്നാണ് സമരസമിതി നേതാക്കൾ പറയുന്നത്. സജിൽ പായിക്കാട്, എ.നാസർ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി. ആർ. അനിൽകുമാർ, കെ. കെ. രമണൻ, ദിലിപ് കുമാർ, കെ.കെ.ലത്തീഫ്, എം.വി.ആണ്ടപ്പൻ തുടങ്ങിയവർ സംസാരിച്ചു.