ചേർത്തല:ചേർത്തല ഗവ.താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരുന്ന ഗർഭിണിക്ക് കൊവിഡ് സ്ഥിരീകരിച്ചു.രണ്ടു ദിവസമായി പ്രസവ വാർഡിലുള്ള പള്ളിത്തോട് സ്വദേശിനിയായ യുവതിക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇവരെ പരിശോധിച്ച മൂന്നു ഡോക്ടർമാരടക്കം 15 ജീവനക്കാർ ക്വാറന്റൈനിലായി.പ്രസവ വാർഡിന്റെ പ്രവർത്തനം ഭാഗികമായി ക്രമപ്പെടുത്തിയിട്ടുണ്ട്.നിലവിൽ ചികിത്സയിലുള്ള ഗർഭിണികളെല്ലാം പ്രത്യേക നിരീക്ഷണത്തിലായിരിക്കും.
രോഗം സ്ഥിരീകരിച്ച യുവതിയെ വണ്ടാനം മെഡിക്കൽ കോളേജിലേക്കുമാറ്റി.സമ്പർക്കത്തിലൂടെയാണിവർക്ക് രോഗബാധയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.എന്നാൽ ഉറവിടം വ്യക്തമായിട്ടില്ല.പ്രവസവാർഡിലുള്ളവരുമായി പ്രാഥമിക സമ്പർക്കം ഉണ്ടായിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് അധികൃതർ പറയുന്നത്. ചൊവ്വാഴ്ച രാത്രിയിലാണ് ഡോക്ടറുടെ നിർദ്ദേശത്തെ തുടർന്ന് ഇവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ച സ്രവം പരിശോധനക്കയച്ചു.ഉറവിടം കണ്ടെത്താത്ത സാഹചര്യത്തിൽ പള്ളിത്തോട് പ്രദേശത്തും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.യുവതിയുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനും നിരീക്ഷണത്തിനും ആരോഗ്യ വകുപ്പു നടപടികൾ തുടങ്ങി.ആശുപത്രിയിൽ കർശന നിയന്ത്റണങ്ങൾ ഏർപ്പെടുത്തി.