അമ്പലപ്പുഴ : പുന്നപ്രയിൽ വാടകവീട്ടിൽ താമസിച്ചു വന്ന കണ്ണൂർ സ്വദേശിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുന്നപ്ര വടക്കു പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ മണി ഭവനത്തിൽ വാടകയ്ക്കു താമസിച്ചിരുന്ന രാമചന്ദ്രനെ (55)യാണ് മരിച്ച നിലയിൽ കണ്ടത്. ഇന്നലെ വൈകിട്ട് 6.30 ഓടെ സമീപത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടികൾ വീടിനുള്ളിൽ നിന്നും ദുർഗന്ധം വമിക്കുന്നെന്ന് പറഞ്ഞതിനെ തുടർന്ന് പ്രദേശവാസികൾ പുന്നപ്ര പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. വീട് മുൻവശത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. കണ്ണൂർ സ്വദേശിയായ ഇയാൾ 5 വർഷമായി ഇവിടെ ഒറ്റയ്ക്ക് വാടകയ്ക്കു താമസിച്ചു വരികയായിരുന്നു. ടൂറിസം മേഖലയിൽ ജോലി ചെയ്തു വന്ന രാമചന്ദ്രൻ ലോക്ക് ഡൗണിൽ ജോലി നഷ്ടമായതിനെ തുടർന്ന് കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നെന്ന് പരിസരവാസികൾ പറഞ്ഞു. ഇയാളുടെ വീട്ടുകാരെപ്പറ്റി കൂടുതൽ വിവരം പരിസരവാസികൾക്ക് അറിയില്ല. ഇന്ന് രാവിലെ ഇൻക്വസ്റ്റ് തയ്യാറാക്കിയ ശേഷം മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റുമെന്ന് പുന്നപ്ര പൊലീസ് പറഞ്ഞു.