s

 വീടുകളിലെത്തി ആക്രി ശേഖരിക്കാനാവുന്നില്ല

ആലപ്പുഴ: കൊവിഡിനെ പേടിച്ച് ആരും ഏഴയലത്ത് അടുപ്പിക്കാതായതോടെ, ആക്രി പെറുക്കി ഉപജീവനം നടത്തുന്ന പാവങ്ങളുടെ ജീവിതം വഴിയാധാരമായി.ആക്രി വ്യവസായ കേന്ദ്രങ്ങളിൽ നിന്ന് അന്യസംസ്ഥാന തൊഴിലാളികളിൽ ഭൂരിഭാഗത്തെയും പറഞ്ഞുവിട്ടു. ശേഷിക്കുന്നവർക്ക് സാധനങ്ങൾ ശേഖരിക്കാനുള്ള അവസരങ്ങളും കുറഞ്ഞു. സ്റ്റോക്ക് ചെയ്തിരിക്കുന്നവ വിറ്റഴിക്കാനും സാധിക്കുന്നില്ല.

നാട്ടിലെ 85 ശതമാനത്തിലധികം മാലിന്യവും ശേഖരിച്ച് തരംതിരിച്ച് സംസ്കരിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് ആക്രിക്കച്ചവടക്കാരാണ്. കൊവിഡിന് മുൻപ് തന്നെ ആക്രി വ്യവസായ മേഖല തിരിച്ചടി നേരിട്ട് തുടങ്ങിയതായി വ്യവസായികൾ പറയുന്നു. നോട്ട് നിരോധനവും നിയന്ത്രണവും ആദ്യം പ്രശ്നക്കാരായി. കറൻസി ലഭ്യത പരിഹരിച്ചു വന്നപ്പോഴേക്കും ചരക്ക്-സേവന നികുതിയുടെ വരവായി. ആദ്യം എല്ലാ ആക്രി സാധനങ്ങൾക്കും 18 ശതമാനമാണ് നികുതി ചുമത്തിയിരുന്നത്. പിന്നീട് പ്ലാസ്റ്റിക് ഒഴികെയുള്ള വസ്തുക്കൾക്ക് അഞ്ച് ശതമാനമാക്കി. എന്നാൽ പ്ലാസ്റ്റിക്കിന്റെ ഉയർന്ന നികുതി കാരണം ആ വിഭാഗത്തിലെ ഇടപാടുകൾ കുറഞ്ഞു. ആക്രി വ്യാപാരത്തിലെ ഏറ്റവും പ്രധാന വിഭാഗത്തിന് തിരിച്ചടി നേരിട്ടതോടെ വരുമാനം കുത്തനെ ഇടിഞ്ഞു. മെച്ചപ്പെട്ട വില കിട്ടുമ്പോൾ കൊടുക്കാനായി ലക്ഷക്കണക്കിനു രൂപയുടെ സാധനങ്ങൾ സൂക്ഷിച്ചിരുന്ന ചെറുകിട-ഇടത്തരം കച്ചവടക്കാർ ശരിക്കും പെട്ടു. പലരും രംഗം വിട്ടു.

 കളമൊഴിഞ്ഞ് ചെറുകിടക്കാർ

മുൻപ് 300-400 രൂപ നിരക്കിൽ തൊഴിലാളികളെ കിട്ടുമായിരുന്നു. ഇപ്പോൾ കൂലി 600 രൂപയായി. കേരളത്തിൽ കാർട്ടൺ നിർമ്മാണ സ്ഥാപനങ്ങൾ പൂട്ടിപ്പോയതോടെ പേപ്പർ സാധനങ്ങളുടെ കച്ചവടത്തിന് തമിഴ്‌നാടിനെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. മറ്റ് ആക്രി സാധനങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല. സമൂഹത്തിൽ യാതൊരു വിലയും ലഭിക്കാത്ത തൊഴിലെന്ന ധാരണ നിലനിൽക്കുന്നതിനാൽ പുതുതലമുറ മേഖലയിലേക്ക് ചുവടുവയ്ക്കാൻ മടിക്കുകയാണെന്നും വ്യാപാരികൾ പറയുന്നു.

........................................

റീ സൈക്ലിംഗ് കേന്ദ്രങ്ങൾ അതത് തദ്ദേശസ്ഥാപനങ്ങൾക്ക് കീഴിലുണ്ടെങ്കിൽ ഏറെ പ്രയോജനകരമാണ്. നിലവിൽ പാലക്കാടും കോയമ്പത്തൂരും ബംഗളുരുവുമുള്ള കേന്ദ്രങ്ങളിലാണ് മാലിന്യം തരംതിരിച്ച് എത്തിക്കുന്നത്. വാഹനവാടക ഇനത്തിൽ ഭീമമായ നഷ്ടമാണ് ഉണ്ടാകുന്നത്

(കോശി മാത്യു, ആക്രി വ്യാപാരി)

.............................

 ബുക്ക് പേപ്പർ വില ഇടിഞ്ഞു

സീസൺ അനുസരിച്ചാണ് ആക്രി വസ്തുക്കളുടെ ഡിമാൻഡ്. കൊവിഡ് മൂലം പഠനം ഓൺലൈനായതോടെ ബുക്ക് പേപ്പറിന്റെ വിലയിൽ അഞ്ച് രൂപയുടെ ഇടിവുണ്ടായതായി കച്ചവടക്കാർ പറയുന്നു.

..................

 18,000 രൂപ: ഒരു ലക്ഷം രൂപയുടെ സാധനത്തിനുള്ള ജി.എസ്.ടി

 10,500 രൂപ: ഒരു ലോഡ് ആക്രി ആലപ്പുഴയിൽ നിന്ന് പാലക്കാട്ട്എത്തിക്കാനുള്ള വാഹനവാടക

......................