ചേർത്തല : ലോക്ക് ഡൗണിൽ അമേരിക്കൻ യാത്രക്കപ്പലിലെ ജോലി നഷ്ടപ്പെട്ടപ്പോൾ കുടുംബം പോറ്റാൻ ദേശീയ പാതയോരത്ത് തട്ടുകട തുടങ്ങി യുവ ഷെഫ്. മാരാരിക്കുളം വടക്ക‌് പഞ്ചായത്ത‌് നാലാം വാർഡിൽ കണിച്ചുകുളങ്ങര കടുത്താനത്ത‌് ബാബു-ഷീല ദമ്പതികളുടെ മകൻ ബിബോഷ‌് (അമ്പാടി-37) ആണ‌് ജീവിക്കാനായി പുതുവഴി തേടിയത‌്.
കണിച്ചുകുളങ്ങര കവലയ‌്ക്ക‌് വടക്കാണ് തട്ടുകട. വ്യാഴാഴ്ചയായിരുന്നു തുടക്കം.ബിബോഷിന്റെ കൈപ്പുണ്യമറിയാൻ എല്ലാവരും എത്തിയതോടെ ആദ്യദിവസം ഒരുക്കിയ വിഭവങ്ങൾ വളരെവേഗം തീർന്നു. ജീവിക്കാനുള്ള വക ഇവിടെ നിന്നു കിട്ടുമെന്നതിൽ ബിബോഷിന് ആത്മവിശ്വാസം പകരുന്നതും ഇതാണ്.
ദോശ,കപ്പബിരിയാണി,പൊറോട്ട,ചപ്പാത്തി,ബീഫ‌്, കോഴിക്കറി, മീൻകറി,പോട്ടി,ഓംലെറ്റ‌് തുടങ്ങിയ വിഭവങ്ങളെല്ലാം ഇവിടെ റെഡിയാണ്.കാനഡയിൽ ഷെഫായി ജോലിനോക്കുന്നതിനിടെ ലോക്ക‌്ഡൗണിൽ തൊഴിൽ നഷ‌്ടപ്പെട്ട തണ്ണീർമുക്കം സ്വദേശിയും സുഹൃത്തുമായ സോനുവും കടയിൽ സഹായത്തിനുണ്ട‌്.
ഒന്നാം ക്ലാസോടെ എസ‌്.എസ‌്.എൽ.സി വിജയിച്ച ബിബോഷ‌് കളമശേരി സർക്കാർ ഫുഡ‌്ക്രാഫ‌്റ്റ‌് ഇൻസ‌്റ്റിറ്റ്യൂട്ടിലാണ‌് ഹോട്ടൽ മാനേജ‌്മെന്റ‌് കോഴ‌്‌സ‌് പഠിച്ചത‌്. തുടർന്ന‌് കെ.ടി.ഡി.സിയിൽ ദിവവേതനത്തിൽ ജോലിനോക്കി. 2006ൽ തണ്ണീർമുക്കത്തെ കെ.ടി.ഡി.സി ഹോട്ടലിൽ എത്തിയ അന്നത്തെ സംസ്ഥാന പൊലീസ‌് മേധാവി രമൺ ശ്രീവാസ‌്തവ ഭക്ഷണംകഴിച്ച ശേഷം രുചിക്കൂട്ടിലെ മികവിന‌് ബിബോഷിനെ അഭിനന്ദിച്ച‌് കെ.ടി.ഡി.സി എം.ഡിയ‌്ക്ക‌് കത്തയച്ചിരുന്നു.
അഞ്ച‌് വർഷം ഗൾഫിൽ ജോലി നോക്കിയ ശേഷമാണ് അമേരിക്കൽ കപ്പലിൽ ഷെഫായത‌്.പ്രിൻസസ് ക്രൂയിസ് കപ്പലിൽ ഒരു ലക്ഷത്തിലധികം രൂപ ശമ്പളത്തിലായിരുന്നു ജോലി. അവിവാഹിതനായ ബിബോഷിന് ഒരു സഹോദരിയുണ്ട്. വിവാഹിതയായ ബിന്ദുഷ.
മുടങ്ങിയ മടങ്ങിപ്പോക്ക്
അവധിക്ക‌് നാട്ടിലെത്തിയശേഷം തിരികെ മടങ്ങാൻ ടിക്കറ്റ‌് ബുക്കുചെയ‌്ത‌് മാർച്ച‌് 10ന‌് ബിബോഷ് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ‌് ലോക്ക‌്ഡൗണിന്റെ ഭാഗമായി വിമാന സർവീസ‌് നിറുത്തിയത‌്. സ്ഥിതിഗതി മാറുമെന്ന പ്രതീക്ഷയോടെ ദിവസങ്ങൾ തള്ളിനീക്കി. നാലുമാസത്തോളം കാത്തിരുന്നെങ്കിലും പ്രതീക്ഷ അസ്തമിച്ചു.തിരിച്ചുപോക്ക‌് സ്വപ‌്നം മാത്രമായ ഘട്ടത്തിലാണ‌് പഠിച്ചത‌് തന്നെ തൊഴിലാക്കാൻ ബിബോഷ‌് തീരുമാനിച്ചത്. അങ്ങനെ തട്ടുകടക്കാരനായി.