പൊലീസ് വലയത്തിൽ പ്രദേശം
സംഘർഷാവസ്ഥ രൂക്ഷം
ജലാശയത്തിൽ ചാടിയും പ്രതിഷേധം
ആലപ്പുഴ: തോട്ടപ്പള്ളി പൊഴിമുഖത്തെ കരിമണൽ ഖനനത്തിനെതിരെ ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ നിരോധനാജ്ഞ ലംഘിച്ച് ഇന്നലെ നടത്തിയ ജനകീയ ബാരിക്കേഡ് സമരത്തിനിടെ പൊലീസും സമരക്കാരും തമ്മിൽ ഉന്തും തള്ളും. പൊലീസ് സംയമനം പാലിച്ചതിനാൽ സംഘർഷം രൂക്ഷമായില്ല.
സ്ത്രീകൾ ഉൾപ്പെടെ മുന്നൂറിലധികം ആളുകൾ പങ്കെടുത്ത സമരം രാവിലെ 11നാണ് ആരംഭിച്ചത്. കെ.എം.എം.എല്ലിലേക്ക് കരിമണൽ കൊണ്ടു പോകുന്ന ലോറികൾ പ്രതിഷേധക്കാർ തടഞ്ഞു. സ്പിൽവേയുടെ ഇരുകരകളും ഇന്നലെ പുലർച്ചെ മുതൽ പൊലീസ് നിയന്ത്രണത്തിലായിരുന്നു. വിവിധ പ്രദേശങ്ങളിൽ നിന്ന് പൊഴിയുടെ തെക്കേക്കരയിലെ റിലേസത്യാഗ്രഹ പന്തലിൽ എത്തിയവർ ഡി.സി.സി പ്രസിഡന്റ് എം.ലിജു, കെ.പി.സി.സി ജനറൽ എ.എ.ഷുക്കൂർ, ധീവരസഭ ജനറൽ സെക്രട്ടറി വി.ദിനകരൻ, കോൺഗ്രസ് നേതാവ് കെ.കെ.ഷാജു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സമരസമിതി ചെർപേഴ്സണുമായ റഹ്മത്ത് ഹാമീദ്, കൺവീനർ കെ.പ്രദീപ്, പഞ്ചായത്ത് മുൻ പ്രസിഡന്റുമാരായ എം.എച്ച്.വിജയൻ, എസ്.വിനോദ്കുമാർ, ബ്ളോക്ക് കോൺഗസ് കമ്മിറ്റി പ്രസിഡന്റ് എസ്. പ്രഭുകുമാർ, മത്സ്യത്തൊഴിലാളി കോൺഗ്രസ് നേതാവ് എ.കെ.ബേബി എന്നിവരുടെ നേതൃത്വത്തിൽ പ്രകടനമായി മണൽ കൊണ്ടുപോകുന്ന ഭാഗത്തേക്ക് നീങ്ങി. ഡിവൈ എസ്.പിമാരായ ജയരാജ്, പി.വി.ബേബി, സി.സുബാഷ്, അമ്പലപ്പുഴ സി.ഐ ടി.മനോജ് എന്നിവരുടെ നേതൃത്വത്തിൽ കുട്ടികളുടെ പാർക്കിന് സമീപത്ത് പ്രകടനം തടഞ്ഞു. തുടർന്ന് പൊലീസും സമരക്കാരുമായി ഉന്തുംതള്ളുമുണ്ടായി.
വി.ദിനകരൻ ജനകീയ ബാരിക്കേഡ് സമരം ഉദ്ഘാടനം ചെയ്യുന്നതിനിടെ പ്രതിഷേധക്കാർ, പൊഴിമുഖത്ത് നിന്ന് മണൽ കൊണ്ടുപോകുന്ന പ്രധാന പാതയും തടഞ്ഞു. പൊലീസ് എത്തി ഇവരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും മുദ്രാവാക്യം വിളിയുമായി നിലയുറപ്പിച്ചു. ഇതിനിടെ പൊലീസിന്റെ കണ്ണുവെട്ടിച്ച് സമരസമിതി ചെർപേഴ്സൺ റഹ്മത്ത് ഹാമീദ്,കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് ആർ.വി. സ്നേഹ എന്നിവരുടെ നേതൃത്വത്തിൽ ലോറി തടഞ്ഞു. പൊലീസ് എത്തി ഇവരെ നീക്കാൻ ശ്രമിക്കുന്നതിനിടെ സ്നേഹയുടെ നേതൃത്വത്തിൽ സ്ത്രീകൾ ഉൾപ്പെടെ 25 പ്രതിഷേധക്കാർ ജലാശയത്തിൽ ഇറങ്ങി. ലോറികൾ പൂർണ്ണമായും നീക്കിയാലെ തങ്ങൾ കയറുകയുള്ളൂ എന്നായി സമരക്കാർ. എം.ലിജുവും കെ.കെ.ഷാജുവും പ്രവർത്തകരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. സ്ഥലത്തുണ്ടായിരുന്ന ആലപ്പുഴ ആർ.ഡി.ഒ സന്തോഷ് കുമാർ, മണൽ കൊണ്ടുപോകില്ലെന്നു പറഞ്ഞതിനെ തുടർന്നാണ് ജലസമരം അവസാനിപ്പിച്ചത്.
ഉദ്ഘാടനം കഴിഞ്ഞ് പ്രവർത്തകരും നേതാക്കളും മടങ്ങുന്നതിനിടെ, പ്രധാനപാതയുടെ ഭാഗത്തെ പ്രതിഷേധക്കാരുമായി ചേർന്നത് വീണ്ടും സംഘർത്തിന് വഴിയാരുക്കി. രണ്ടര മണിക്കൂർ നീണ്ട പ്രതിഷേധത്തിനൊടുവിൽ സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. നേതാക്കൾ ഉൾപ്പെടെ 200 പേർക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസ് എടുത്തു.