ആലപ്പുഴ: കയർഫെഡിൽ നിന്നും പിരിഞ്ഞുപോകുന്ന ഒരു ജീവനക്കാരനും പുനർ നിയമനം നൽകിയിട്ടില്ലെന്നും പുനർനിയമനം നടത്തുന്നു എന്ന യൂത്ത് കോൺഗ്രസിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും കയർഫെഡ് ചെയർമാൻ അഡ്വ.എൻ.സായികുമാർ അറിയിച്ചു.

യു.ഡി.എഫ്. സർക്കാരിന്റെ കാലത്തെ അപേക്ഷിച്ച് പ്രവർത്തന മികവിൽ ഒരു കുതിച്ചുചാട്ടാമാണ് എൽ.ഡി.എഫ്. സർക്കാരിന്റെ ആദ്യ നാല് വർഷക്കാലയളവിൽ കയർഫെഡിന് നടത്താനായത്. കഴിഞ്ഞ സർക്കാരിന്റെ ആദ്യ നാല് വർഷ ക്കാലത്ത് 2,62,750 ക്വിന്റൽ കയർ ആണ് സംഭരിച്ചത്. ഇപ്പോൾ നാല് വർഷക്കാലം കൊണ്ട് 5,58,640 ക്വിന്റൽ കയർ സംഭരിച്ചു. കയർ സംഭരണത്തിൽ 112.6ശതമാനത്തിന്റെ വർദ്ധനവുണ്ടായി. എൽ.ഡി.എഫ്. സർക്കാരിന്റെ നാല് വർഷക്കാലം കൊണ്ട് 5,65,663 ക്വിന്റൽ കയർ വിപണനം നടത്തി. കഴിഞ്ഞ സർക്കാരിന്റെ ആദ്യ നാല് വർഷക്കാലം വിറ്റുവരവ് 211.19 കോടി രൂപയായിരുന്നു. ഇപ്പോൾ ഇത് 431.58 കോടി രൂപയായി വർദ്ധിച്ചു.

കയർഫെഡ് സംഭരിക്കുന്ന കയർ വിറ്റഴിക്കുന്നത് മാറ്റ്‌സ് ആൻഡ് മാറ്റിംഗ്‌സ് കയർ സഹകരണ സംഘങ്ങൾക്കും ചെറുകിട കയർ ഉത്പന്ന നിർമ്മാണ സംഘങ്ങൾക്കുമാണ്. ഇതുമുഴുവൻ കയർ ജിയോ ടെക്സ്റ്റയിൽസും മറ്റു കയർ ഉത്പന്നങ്ങളുമായി മാറ്റി വിപണനം ചെയ്യുക വഴി ഉത്പന്ന മേഖലയിലും തൊഴിൽ ദിനങ്ങൾ ഗണ്യമായി വർദ്ധിപ്പിക്കുവാൻ കഴിഞ്ഞു. എൽ.ഡി.എഫ്. സർക്കാരിന്റെയും മന്ത്രി ഡോ. ടി.എം.തോമസ് ഐസക്കിന്റെ സഹായവും പിന്തുണയും കൊണ്ടാണ് കയർഫെഡിന് അഭിമാനകരമായ ഈ നേട്ടം കൈവരിക്കാനായതെന്ന് സായികുമാർ പറഞ്ഞു.