പൂച്ചാക്കൽ: സി.പി.ഐ പൂച്ചാക്കൽ ലോക്കൽ കമ്മറ്റി സെക്രട്ടറിയും യുവജന സംഘടന നേതാക്കളും രാജി വച്ചതോടെ പാർട്ടിയിൽ പ്രതിസന്ധി. പാണാവള്ളി പഞ്ചായത്ത് പ്രസിഡൻറും മറ്റ് അംഗങ്ങളും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ നേതൃത്വം ഇടപെട്ടിട്ടും പരിഹരിക്കാനായില്ല. നേതൃത്വം ഒരു വിഭാഗത്തോട് അനുകൂല സമീപനം സ്വീകരിക്കുന്നുവെന്നാരോപിച്ച് പന്ത്രണ്ട് പാർട്ടി അംഗങ്ങളും രാജിക്കത്ത് കൊടുത്തു .രാജിവെച്ച സെക്രട്ടറി നിലവിൽ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കൂടിയാണ്. എൽ.ഡി.എഫിലെ ധാരണ പ്രകാരമാണ് ഭരണ കാലാവധിയുടെ അവസാനത്തെ ഒരു വർഷം സി.പി.ഐ ക്ക് പ്രസിഡന്റ് സ്ഥാനം ലഭിച്ചത്. പാർട്ടിയിലോ പാർലമെന്ററി കമ്മറ്റിയിലോ ആലോചിക്കാതെ പ്രസിഡൻറ് ഏകപക്ഷീയമായി നടപ്പിലാക്കിയ തീരുമാനങ്ങൾ പൊതുജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കിയതായി ആരോപണമുയർന്നിരുന്നു. പഞ്ചായത്ത് തിഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലുണ്ടായ പ്രശ്നങ്ങൾ എൽ.ഡി.എഫിലെ മറ്റ് ഘടക കക്ഷികളേയും ആശങ്കപ്പെടുത്തിയിട്ടുണ്ട്.