പള്ളാത്തുരുത്തി- തിരുമല ഔട്ട്പോസ്റ്റ് പാലത്തിന്റെ ഉദ്ഘാടനത്തിൽ സംഘർഷം

ആലപ്പുഴ: ആലപ്പുഴ നഗരസഭ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 23 ലക്ഷം രൂപ മുടക്കി നിർമ്മിച്ച പള്ളാത്തുരുത്തി - തിരുമല ഔട്ട്പോസ്റ്റ് പാലത്തിന്റെ ഉദ്ഘാടനത്തെ ചൊല്ലിയുള്ള രാഷ്ട്രീയ വിവാദം കയ്യാങ്കളിയിലും നഗരസഭാ ചെയർമാന്റെ അറസ്റ്റിലും കലാശിച്ചു.

എൽ.ഡ‌ി.എഫും യു.ഡി.എഫും വെവ്വേറെയാണ് പാലത്തിന്റെ ഉദ്ഘാടനം തീരുമാനിച്ചിരുന്നത്. രാവിലെ 10.30ന് മന്ത്രി ജി.സുധാകരൻ പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. 11.30 ഓടെ ഉദ്ഘാടനത്തിന് നഗരസഭാ ചെയർമാന്റെ നേതൃത്വത്തിൽ യു.ഡി.എഫ് പ്രതിനിധികൾ എത്തിയെങ്കിലും സംഘത്തെ ചുങ്കം പാലത്തിന് സമീപം പൊലീസ് തടഞ്ഞു. ഇതോടെ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. തുടർന്നായിരുന്നു ചെയർമാനെയും കൗൺസിലർമാരെയും അറസ്റ്റ് ചെയ്തത്. ഉദ്ഘാടന പ്രസംഗത്തിൽ ഡി.സി.സി പ്രസിഡന്റിനും നഗരസഭാ മുൻ ചെയർമാനുമെതിരെ രൂക്ഷ വിമർശനമാണ് ജി.സുധാകരൻ ഉന്നയിച്ചത്.മുൻ ചെയർമാൻ തോമസ് ജോസഫിന്റെ പേരെടുത്ത് പറഞ്ഞായിരുന്നു വിമർശനം. ആലപ്പുഴയുടെ വികസനം മുടക്കാനാണ് ഇവർ ശ്രമിക്കുന്നതെന്ന് മന്ത്രി ആരോപിച്ചു. ഉദ്ഘാടന വേദിക്ക് സമീപം സി.പി.എം പ്രവർത്തകർ സംഘടിച്ചിരുന്നു. സംഘർഷം ഒഴിവാക്കുന്നതിനാണ് ചെയർമാനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ ചെയർമാനും കൗൺസിലർമാരും മൂന്നു മണിക്കൂറോളം സ്റ്റേഷനിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടർന്ന് ഡി.സി.സി പ്രസിഡന്റ് ഉൾപ്പടെയുള്ള നേതാക്കൾ എത്തിയശേഷം സ്റ്റേഷൻ ജാമ്യത്തിലാണ് ഇവരെ വിട്ടയച്ചത്. പൊലീസ് സ്‌റ്റേഷൻ ഉപരോധിച്ചതിന് കണ്ടാലറിയാവുന്ന പത്തോളം യു.ഡി.എഫ് പ്രവർത്തകർക്കെതിരെ കേസെടുത്തു.


................................

വികസനം മുടക്കാൻ ക്രിമിനൽ,പൊളിറ്റിക്കൽ കോക്കസ് പ്രവർത്തിക്കുകയാണ്. ഇത്തരക്കാരുടെ വേരറുക്കും. പൊതുഖജനാവിലെ പണം കൊണ്ട് ജീവിച്ചുപോകുന്ന ചിലർക്ക് പഴയ സൗകര്യം ഇപ്പോൾ കിട്ടുന്നില്ല. വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ആലപ്പുഴ നഗരസഭയിൽ കോൺഗ്രസ് ദയനീയമായി തോൽക്കും. തോമസ് ജോസഫിന്റെ നടപടികൾക്ക് കോൺഗ്രസ് വലിയ വില കൊടുക്കേണ്ടി വരും

മന്ത്രി ജി.സുധാകരൻ

....................................

മന്ത്രിയെ ഉദ്ഘാടനത്തിന് ക്ഷണിച്ചിട്ടില്ല. പാലം നഗരസഭയുടെ ഫണ്ടുപയോഗിച്ച് നിർമിച്ചതാണ്. രണ്ട് ഇടതുപക്ഷ കൗൺസസിലർമാർ മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചാണ് ഉദ്ഘാടനത്തിന് എത്തിച്ചത്. കൊവിഡ് മാനദണ്ഡം പാലിക്കാതെ ഉദ്ഘാടനത്തിന് ഒത്തുകൂടിയ നൂറോളം പേരെ കണ്ടില്ലെന്ന് നടിച്ച്, കേവലം എട്ട് പേർ മാത്രമടങ്ങിയ യു.ഡി.എഫ് സംഘത്തെ അറസ്റ്റ് ചെയ്തത് ജനാധിപത്യ വിരുദ്ധമാണ്. കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് വാങ്ങി പാലം ഉദ്ഘാടനം ചെയ്യും

ഇല്ലിക്കൽ കുഞ്ഞുമോൻ, നഗരസഭാ ചെയർമാൻ