ഹരിപ്പാട്: കായംകുളം എൻ.ടി.പി.സിയിൽ സെക്യൂരിറ്റി ജീവനക്കാരായി ജോലി ചെയ്തിരുന്ന എക്സ് സർവ്വീസുകാരെ ലോക്ക് ഡൗൺ കാലഘട്ടത്തിൽ മാനദണ്ഡങ്ങൾ പാലിക്കാതെ പുറത്താക്കിയതായി പരാതി.
55 പേരിൽ 27 പേരെയാണ് പുറത്താക്കിയത്. 17 പേരെ മെഡിക്കൽ കാറ്റഗറി എന്ന പേരിലും മറ്റുള്ളവരെ വയസിന്റെ കാര്യം പറഞ്ഞും ചിലരെ സാങ്കേതിക പേരിലുമാണ് ഒഴിവാക്കിയത്. ഡി.ജി.ആർ സെക്യൂരിറ്റിയുടെ നിബന്ധനകളിൽ മെഡിക്കൽ കാറ്റഗറി എന്ന പേരിൽ ഒഴിവാക്കാൻ വ്യവസ്ഥയില്ല. അഞ്ച് വർഷം മുതൽ 26 വർഷം വരെ ജോലി ചെയ്തവരെയാണ് പുറത്താക്കിയത്. ആറ് മാസം മുതൽ ഒരു വർഷം വരെ ജോലി ചെയ്താൽ പി.എഫിന്റേതായ പെൻഷന് അർഹതയും ഇവർക്കുണ്ട്.
പുറത്താക്കുന്നതുമായി ബന്ധപ്പെട്ട് ഒരു അറിയിപ്പും നൽകാതെയാണ് നടപടി. മേയ് 5ന് ഒരു ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ഇതിൽ ഉൾപ്പെട്ടവർ മാത്രം ജോലിക്ക് എത്തിയാൽ മതിയെന്നും പ്രസിദ്ധപ്പെടുത്തുകയായിരുന്നു. ഇവർ വിജിലൻസ് ഇൻചാർജിന്റെ ബന്ധുക്കളാണെന്നും സാമ്പത്തികമായി സഹായങ്ങൾ ചെയ്തിട്ടുണ്ടെന്നും ആരോപണമുണ്ട്. വാർത്താ സമ്മേളനത്തിൽ സലിം, രാജു പുളിന്തറ, മുരളീധരകുറുപ്പ്, സുശീലൻ എന്നിവർ പങ്കെടുത്തു.