 രോഗബാധിതരിൽ ഗർഭിണിയും നാല് കുട്ടികളും

ആലപ്പുഴ: ഒരുകുടുംബത്തിലെ പതിനൊന്ന് പേർ ഉൾപ്പെടെ ഇന്നലെ 21പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 202 ആയി . 12പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ചുപേർ വിദേശത്തുനിന്നും നാലുപേർ അന്യ സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്.

29ന് രോഗം സ്ഥിരീകരിച്ച കായംകുളം സ്വദേശിയുടെ ബന്ധുക്കളും കുടുംബാംഗങ്ങളുമാണ് പതിനൊന്ന് പേർ. ചെറുതന സ്വദേശിനികളായ 46വയസുള്ള സ്ത്രീയും മകളും ,കായംകുളം സ്വദേശികളായ ,54വയസുകാരൻ , രണ്ടു യുവാക്കൾ , രണ്ടു യുവതികൾ , മൂന്നു പെൺകുട്ടികൾ ഒരു ആൺകുട്ടി എന്നിവർ ഇതിലുൾപ്പെടുന്നു. ആറാട്ടുപുഴ സ്വദേശിനിയായ ഗർഭിണിയായ യുവതിക്ക് ചികിത്സയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ജമ്മുവിൽ നിന്നും കൊച്ചിയിൽ എത്തിയ 46വയസുള്ള പത്തിയൂർ സ്വദേശി, ചെന്നൈയിൽ നിന്നും എത്തിയ കണ്ടല്ലൂർ സ്വദേശി, മസ്‌കറ്റിൽനിന്ന് കൊച്ചിയിലെത്തിയ ആറാട്ടുപുഴ സ്വദേശിനി, കാശ്മീരിൽ നിന്നും കൊച്ചിയിലെത്തിയ താമരക്കുളം സ്വദേശിയായ യുവാവ്. കുവൈറ്റിൽ നിന്നും തിരുവനന്തപുരത്തെത്തിയ 60വയസുള്ള നൂറനാട് സ്വദേശി, തമിഴ്‌നാട്ടിൽനിന്നും വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്ന എരമല്ലൂർ സ്വദേശിനി, കുവൈറ്റിൽ നിന്ന് കൊച്ചിയിലെത്തിയ പുന്നപ്ര സ്വദേശി, കുവൈറ്റിൽ നിന്നും കൊച്ചിയിലെത്തിയ 52 വയസ്സുള്ള കലവൂർ സ്വദേശി, ദമാമിൽ നിന്ന് കൊച്ചിയിലെത്തിയ പാണാവള്ളി സ്വദേശി എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. എല്ലാവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ജില്ലയിൽ നിലവിൽ 6921 പേരാണ് നിരീക്ഷണത്തിലുള്ളത്. 229 പേർ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുന്നു.