ph

 കടകൾ തുറന്നവർക്കെതിരെ കേസ്

കായംകുളം: പതിമൂന്ന് പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് കണ്ടെയ്ൻമെന്റ് സോണാക്കി പ്രഖ്യാപിച്ച കായംകുളം നഗരത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി. റോഡുകൾ ബാരിക്കേഡ് വെച്ച് അടച്ച പൊലീസ് നിയമം ലംഘിച്ചവർക്കെതിരെ കേസെടുത്തു. നാലു പേരെ ക്വാറന്റൈനിലാക്കി.

കൊവിഡ് വ്യാപന സാദ്ധ്യത രൂക്ഷമായതിനെ തുടർന്ന് കളക്ടർ കഴിഞ്ഞ ദിവസം നഗരം കണ്ടെയ്ൻമെന്റ് സോണാക്കി പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് നഗരത്തിൽ വ്യാപാരശാലകൾ അടച്ചിടണമെന്നും നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇത് ലംഘിച്ച് ഇറച്ചി വ്യാപാരം നടത്തിയ എരുവ പടിഞ്ഞാറ് മഠത്തിലയ്യത്ത് വീട്ടിൽ ഷാനവാസിനെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. കടകൾ തുറന്ന നഗരത്തിലെ അരി വ്യാപാരി ഉൾപ്പെടെ പതിനൊന്ന് പേർക്കെതിരെയും പൊലീസ് കേസെടുത്തു. സാമൂഹിക അകലം പാലിക്കാതെ കൂട്ടം കൂടി നിന്ന 7 പേർക്കെതിരെയും പൊതുസ്ഥലങ്ങളിൽ മാസ്ക്ക് ധരിയ്ക്കാത്ത 33 പേർക്കെതിരെയും നടപടി സ്വീകരിച്ചു. നഗരത്തിൽ കറങ്ങി നടന്ന ഇതര സംസ്ഥാനങ്ങളിലെ നാല് ലോറി ഡ്രൈവർമാരെ ക്വാറന്റൈനിലാക്കി.

കഴിഞ്ഞ 29 ന് രോഗം സ്ഥിരീകരിച്ച കായംകുളത്തെ പച്ചക്കറി വ്യാപാരിയുടെയും മകളുടെയും ബന്ധുക്കളും കുടുംബാംഗങ്ങളുമാണ് മറ്റ് പതിനൊന്ന് പേർ. ചെറുതന സ്വദേശിനികളായ 46വയസുള്ള സ്ത്രീയും മകളും ,കായംകുളം സ്വദേശികളായ ,54 വയസുകാരൻ , രണ്ടു യുവാക്കൾ , രണ്ടു യുവതികൾ , മൂന്നു പെൺകുട്ടികൾ ഒരു ആൺകുട്ടി എന്നിവർ ഇതിലുൾപ്പെടുന്നു.