ചേർത്തല:താലൂക്കാശുപത്രിയിൽ ചികിത്സതേടിയെത്തിയ ഗർഭിണിക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സമ്പൂർണ ജാഗ്രതാ നിർദ്ദേശം നൽകി.ഇതിനിടെ പളളിത്തോട് തീരത്ത് ഒരു യുവതിക്ക് കൂടി രോഗം സ്ഥിരീകരിച്ചതായാണ് വിവരം.രോഗത്തിന്റെ ഉറവിടം കണ്ടെത്താനാകാത്തത് ആരോഗ്യ പ്രവർത്തകരെ ആശങ്കയിലാക്കി.വ്യാഴാഴ്ച കൊവിഡ് സ്ഥിരീകരിച്ച യുവതിക്ക് പള്ളിത്തോടുമായി നേരിട്ടു ബന്ധമില്ല.ഇവരുടെ സമ്പർക്കം പട്ടണക്കാട് വെട്ടക്കൽ പുറത്താംകുഴിയിലാണ്.ഇവരുമായി പ്രാഥമിക സമ്പർക്കമുണ്ടായ കുടുംബാംഗങ്ങളുൾപ്പെടെ ഏഴുപേരുടെ സ്രവം പരിശോധനക്കയച്ചിട്ടുണ്ട്.ഇതിന്റെ ഫലം നിർണായകമാണ്. ഇവരുമായി ബന്ധമുള്ളവരെയെല്ലാം ക്വാറന്റീനിലാക്കി.
താലൂക്ക് ആശുപത്രിയിൽ നിയന്ത്രണങ്ങൾ കർശനമാക്കി.നിലവിലുള്ളവരെയല്ലാതെ പുതുതായി പ്രസവ വാർഡിലേക്ക് ആരേയും അഡ്മി​റ്റു ചെയ്യുന്നില്ല.വാർഡിന്റെ ഒരു ഭാഗമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.ഇവിട അണുനശീകരണമടക്കം നടത്തി.ആശുപത്രിക്ക് മുന്നിലെ എല്ലാ കടകളും പൊലീസ് താത്ക്കാലികമായി അടപ്പിച്ചു.ആശുപത്രിയിൽ ജീവനക്കാർക്ക് ത്രീടെയർ സംവിധാനം ഏർപ്പെടുത്താത്തതിൽ ജീവനക്കാർക്കിടയിൽ പ്രതിഷേധമുണ്ട്.നിലവിൽ ഗൈനക് വിഭാഗത്തിലെ മൂന്ന് മുതിർന്ന ഡോക്ടർമാർ ഉൾപെടെ 15 പേർ നിരീക്ഷണത്തിലാണ്.