ഹരിപ്പാട് : കാർത്തികപ്പള്ളി താലൂക്ക് ലീഗൽ സർവ്വീസസ് കമ്മിറ്റിയുടെ മേൽനോട്ടത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്ന് വരുന്ന കാർത്തികപ്പള്ളി കൊപ്പാറ തോട്ടിലെ ഡാണാപ്പടി മുതൽ കാർത്തികപ്പള്ളി വരെയുള്ള ഭാഗത്ത് താലൂക്ക് ലീഗൽ സർവ്വീസസ്സ് കമ്മറ്റിയുടെ ചെയർമാനും ഹരിപ്പാട് മുൻസിഫ് മജിസ്ട്രേട്ടുമായ ഡി. ശ്രീകുമാർ മിന്നൽ പരിശോധന നടത്തി. ഡാണാപ്പടി മുതൽ കാർത്തികപ്പള്ളി വരെയുള്ള തോടിന്റെ ഭാഗത്ത് മാലിന്യങ്ങളും തടിക്കഷണങ്ങളും നീക്കം ചെയ്യാനും തോട്ടിലേക്ക് ഇറക്കി നീരൊഴുക്ക് തടസ്സപ്പെടുത്തുന്ന രീതിയിൽ സ്ഥാപിച്ചിരിക്കുന്ന കടകളും അനധികൃത തടിപ്പാലങ്ങളും നീക്കം ചെയ്യുന്നതിന് ആവശ്യ നടപടികൾ സ്വീകരിക്കാനും ഹരിപ്പാട് നഗരസഭ സെക്രട്ടറി, കുമാരപുരം, കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ എന്നിവർക്ക് നിർദ്ദേശം നൽകി.
ശുചീകരണ പ്രവർത്തനങ്ങൾ ഒരു മാസത്തിനുള്ളിൽ തീർത്ത് കൊപ്പാറക്കടവ് തോട്ടിലെ നീരൊഴുക്ക് ശക്തിപ്പെടുത്താനും പ്രാദേശിക വെള്ളപ്പൊക്ക ദുരിതങ്ങൾ പരിഹരിക്കാനുമുള്ള നടപടികൾ സ്വീകരിക്കാൻ മൈനർ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർക്കും, തോട്ടിലേക്ക് മാലിന്യങ്ങൾ നിക്ഷേപിക്കുന്നവരെ കണ്ടുപിടിച്ച് കേസ് രജിസ്റ്റർ ചെയ്യാനും നിരന്തരം നിരീക്ഷണം നടത്താനും ഹരിപ്പാട് പൊലീസിനും നിർദ്ദേശം നൽകി. അഡ്വ.വി.ഷുക്കൂർ, അഡ്വ.സന്തോഷ്കുമാരൻ തമ്പി, എച്ച്.നിയാസ്, ജിമ്മി കൈപ്പള്ളിൽ, തുടങ്ങിയവർ മുൻസിഫ് മജിസ്ട്രേറ്റിനോടൊപ്പം ഉണ്ടായിരുന്നു.