s

 സമൂഹവ്യാപന ഭീഷണിയും

കായംകുളം : ഒരു കുടുംബത്തിലെ പതിനാറ് പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കായംകുളം സമൂഹ വ്യാപനത്തിന്റെ വക്കിലെന്ന് ആശങ്ക. ഇന്നലെ നൂറോളം പേരുടെ സ്രവങ്ങളാണ് പരിശോധനയ്ക്കായി എടുത്തത്. നഗരം ഇപ്പോൾ കണ്ടെയിൻമെന്റ് സോണാണ്.

കഴിഞ്ഞ മാസം 29 ന് രോഗം സ്ഥിരീകരിച്ച കായംകുളത്തെ പച്ചക്കറി വ്യാപാരിയുടെയും മകളുടെയും ബന്ധുക്കളും കുടുംബാംഗങ്ങളുമാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ച മറ്റ് പതിനാല് പേർ. നഗരസഭ നാലാം വാർഡിലെ 54 വയസുകാരനും 46വയസുകാരിയും എട്ടും ഒൻപതും മാസം മാത്രം പ്രായമുള്ള പിഞ്ചുകുട്ടികളും ഇതിൽ ഉൾപ്പെടും. ഒരു യുവതി സർക്കാർ ഉദ്യോഗസ്ഥയാണ്.ആകെ 20 പേർക്ക് രോഗം സ്ഥിരീകരിച്ചതിൽ നാല് പേർ വിദേശത്തു നിന്നും എത്തിയവരാണ്.

ഒരു കുടുംബത്തിലെ മാത്രം 29 പേരുടെ സ്രവമാണ് പരിശോധനയ്ക്ക് അയച്ചത്. മാർക്കറ്റിൽ ചരക്കുമായി എത്തിയ ലോറിക്കാരിൽ നിന്നാണ് പച്ചക്കറി വ്യാപാരിയ്ക്ക് കോവിഡ് പടർന്നതെന്നാണ് സംശയം .വ്യാപാരി​ കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നതിനാൽ റൂട്ട് മാപ്പ് തയ്യാറാക്കാൻ കഴിഞ്ഞിട്ടില്ല. ഇതിനെ തുടർന്നാണ് കുടുബാംഗങ്ങളുടെ സ്രവം പരിശോധനയ്ക്ക് അയച്ചത്.

ആദ്യത്തെ ലോക്ക് ഡൗൺ കഴിഞ്ഞതോടെ കായംകുളം മാർക്കറ്റ് വലിയ തിരക്കിലേയ്ക്ക് മാറുകയായിരുന്നു. അന്യ സംസ്ഥാനങ്ങളിൽ നിന്നും നൂറോളം ചരക്ക് വാഹനങ്ങളാണ് ഇവിടേക്ക് നിത്യവും എത്തിയിരുന്നത്.

 നിയന്ത്രണങ്ങൾ കർശനമാക്കി

കായംകുളം നഗരം കണ്ടെയിൻമെന്റ് സോണാക്കി പ്രഖ്യാപിച്ചതോടെ നിയന്ത്രണങ്ങൾ കർശനമാക്കി. റോഡുകൾ ബാരിക്കേഡ് വെച്ച് അടച്ചു. ദേശീയ പാതയിൽ കൂടി പോകുന്ന കെ.എസ്.ആർ.ടി.സി ബസുകൾ കായംകുളം ബസ് സ്റ്റേഷനിൽ കയറുന്നില്ല. പകർച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരം രണ്ടു ദിവസം കൊണ്ട് നിരവധി കേസുകൾ രജിസ്റ്റർ ചെയ്തു. സാമൂഹിക അകലം പാലിക്കാതെ കൂട്ടം കൂടി നിന്നവർക്കെതിരെയും പൊതുസ്ഥലങ്ങളിൽ മാസ്ക്ക് ധരിയ്ക്കാത്തവർക്കെതിരെയും നടപടി സ്വീകരിച്ചു. കായംകുളത്ത് അടിയന്തര സാഹചര്യമാണ് നിലനിൽക്കുന്നതെന്നും നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും പൊതുജനങ്ങൾ പാലിച്ചില്ലെങ്കിൽ കൂടുതൽ കടുത്ത നടപടികളിലേക്ക് കടക്കേണ്ടി വരുമെന്ന് ജില്ലാ കളക്ടർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

 പരിശോധന ഉയർത്തും

കായംകുളം : കൊവിഡ് 19 ആശങ്ക ഉയർത്തും വിധം പടർന്നതോടെ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഉൗർജ്ജിതപ്പെടുത്തുവാൻ നഗരസഭ തീരുമാനിച്ചു. സ്രവപരിശോധനക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തും. ക്വാറന്റൈനിൽ കഴിയുന്നവരെ സഹായിക്കാൻ വാർഡ് കൗൺസിലർമാരുടെ നേതൃത്വത്തിൽ വാർഡ് ആരോഗ്യ ജാഗ്രതാ സമിതികൾ രൂപീകരിച്ചു. കായംകുളം താലൂക്ക് ആശുപത്രിയിലെ 30 ഡോക്ടർമാരും, 80 സ്ഥിരം ജീവനക്കാരും, 62 ആർ.എസ്.ബി.ഐ, എൻ.ആർ.എച്ച്.എം ജീവനക്കാരും അടക്കം 170 ന് മേൽ ജീവനക്കാരാണ് കൊവിഡ് രോഗചികിത്സയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നത്. ഇതിൽ 15 ജീവനക്കാരെ കരീലക്കുളങ്ങരയിൽ പുതിയതായി ആരംഭിച്ച ആശുപത്രിയിൽ താല്ക്കാലിക സേവനത്തിനായി വിട്ടുനൽകി.

നഗരസഭാ പരിധിയിൽ ഹോംക്വാറന്റൈനിൽ കഴിയുന്ന ആകെയുള്ളവർ: 313

വിദേശത്തുനിന്നും വന്നവർ - 182

ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തിയവർ - 105

മറ്റുള്ളവർ : 26

ശ്രദ്ധിക്കാൻ

മത്സ്യ ബന്ധന വിപണന മേഖലയിലുള്ളവർ പ്രത്യേക ശ്രദ്ധ നൽകണം

ആൾക്കൂട്ടം ഉണ്ടാകുന്നില്ലെന്ന് വ്യാപാരസ്ഥാപന ഉടമകൾ ഉറപ്പാക്കണം

മത്സ്യവിപണനവുമായി ബന്ധപ്പെട്ട് ഉപയോഗിക്കേണ്ടി വരുന്ന പാത്രങ്ങൾ കൈമാറി ഉപയോഗിക്കരുത്.

ഹാർബറുകളിൽ കൃത്യമായ സാമൂഹിക അകലം പാലിക്കണം.

മാസ്‌ക് എപ്പോഴും ധരിക്കണം. കൈകൾ സോപ്പ് ഉപയോഗിച്ച് പല പ്രാവശ്യം കഴുകി വൃത്തിയാക്കണം.

സ്വകാര്യ സ്ഥാപനങ്ങളിലും വീടുകളിലും ട്യൂഷൻ ഒഴിവാക്കണം.

 അത്യാവശ്യകാര്യങ്ങൾക്കായി പുറത്തുപോകുന്നവർ യാത്രാവിവരങ്ങൾ എഴുതി സൂക്ഷിക്കണം