ഉപഭോക്താക്കളോട് മുഖം തിരിച്ചു ഫിനാൻസ് കമ്പനികൾ
ആലപ്പുഴ:കൊവിഡ് ഭീതിയും നിയന്ത്രണങ്ങളും വന്നതോടെ ജില്ലയിൽ വാഹന വില്പന റിവേഴ്സ് ഗിയറിലായി. ഇരുചക്രവാഹനങ്ങളും കാറുകളുമാണ് ജില്ലയിൽ ഏറ്റവുമധികം വിറ്റിരുന്നത്. എന്നാൽ കഴിഞ്ഞ മൂന്ന് മാസമായി ആവശ്യക്കാരുടെ കാൽപ്പെരുമാറ്റത്തിന് കൊതിക്കുകയാണ് ഷോറൂമുകൾ.വില്പനയും സർവീസിംഗും കുറഞ്ഞതോടെ പല ഷോറൂമുകളും ജീവനക്കാരു
ടെ എണ്ണം കുറച്ചു.കാറുകളും ഇരുചക്രവാഹനങ്ങളുമായി ജില്ലയിലെ ആറ് ആർ.ടി.ഒ ഓഫീസുകളിലായി മാർച്ച് മുതൽ ജൂൺ വരെയുള്ള മാസങ്ങളിൽ രജിസ്റ്റർ ചെയ്തത് 6085 വാഹനങ്ങളാണ്. മുൻ വർഷം ഇതേ കാലയളവിൽ രജിസ്റ്രർ ചെയ്തതിന്റെ ഏതാണ്ട് 41 ശതമാനം മാത്രം.
ഓണം വിപണി ലക്ഷ്യം വച്ചുള്ള ഓഫറുകളുടെ പെരുമഴ തുടങ്ങേണ്ട സമയമാണ് ഇതെങ്കിലും ഭൂരിപക്ഷം വാഹനവിതരണക്കാരും കമാന്ന് മിണ്ടിയിട്ടില്ല.
അത്യാഡംബര വിഭാഗത്തിലൊഴികെയുള്ള എല്ലാ ഇനം കാറുകളുടെയും ഷോറൂമുകൾ ജില്ലയിലുണ്ട്.കഴിഞ്ഞ മൂന്ന് വർഷങ്ങൾക്കിടെ ജില്ലയിൽ ജില്ലയിൽ ഏറ്റവുമധികം വർദ്ധിച്ചതും ഇവയുടെ വില്പനശാലകളും സർവീസ് സെന്ററുകളുമാണ്.ഇരു ചക്രവാഹനങ്ങളുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല.പക്ഷെ വില്പനയിൽ വന്ന ഇടിവ് തീർത്തും അപ്രതീക്ഷിതമാണ്.കഴിഞ്ഞ വർഷം ഇതേ മാസങ്ങളിൽ ഏറ്റവും അധികം വാഹനങ്ങൾ രജിസ്റ്രർ ചെയ്ത കായംകുളം ഓഫീസിൽ ഇക്കുറി രജിസ്റ്രർ ചെയ്തത് വെറും1669 എണ്ണം.
ഫിനാൻസുകാർക്കും ഉത്സാഹക്കുറവ്
ആൾക്കാരെക്കൊണ്ട് വാഹനങ്ങൾ വാങ്ങിപ്പിക്കുന്നതിൽ ഫിനാൻസുകാർ കാട്ടുന്ന 'ജാഗ്രത" എടുത്തുപറയേണ്ടതാണ്. ഷോറൂമിൽ അന്വേഷണത്തിനെത്തുന്നവരെക്കൊണ്ട് വാഹനം എങ്ങിനെയും വാങ്ങിപ്പിക്കുക എന്നതായിരുന്നു അവരുടെ ശൈലി. പക്ഷെ ഇപ്പോൾ അക്കൂട്ടർ അത്ര ഉത്സാഹം കാട്ടുന്നില്ല. 'കരമടച്ച രസീതുമായി വരൂ, വാഹനവുമായി പോകൂ, ദിവസം തോറും ചെറിയ തുക മുടക്കി ബൈക്ക് സ്വന്തമാക്കൂ, ചെക്ക് ലീഫ് വേണ്ട വരുമാനത്തെളിവ് വേണ്ട വാഹനം സ്വന്തമാക്കൂ, ഒരു രൂപ മുടക്കി വാഹനം സ്വന്തമാക്കൂ'.... തുടങ്ങി ആൾക്കാരെ ആകർഷിക്കാൻ പല തരത്തിലുള്ള പരസ്യവാചകങ്ങളാണ് ഉപയോഗിച്ചിരുന്നത്. ഒരു രൂപ പോലും മുടക്കാതെ വാഹനങ്ങൾ സ്വന്തമാക്കാമായിരുന്നുവെന്നതും യാഥാർത്ഥ്യമാണ്. എന്നാൽ ഇപ്പോൾ അത്തരം ആനുകൂല്യങ്ങൾ ആരും പറയുന്നില്ല. നൂറ് ശതമാനം വായ്പ നൽകാൻ പല ധനകാര്യ സ്ഥാപനങ്ങളും തുല്യമായ ഈട് ചോദിക്കുകയും ചെയ്യുന്നു.
മോഹമുണ്ട്, മാർഗമില്ല
കൊവിഡ് വ്യാപന ഭീഷണി എപ്പോൾ അവസാനിക്കുമെന്ന് വ്യക്തതയില്ലാത്തതിനാലും സാമൂഹിക അകലം എന്നത് അത്യാവശ്യമായതിനാലും സ്വന്തമായി ഒരു ഇരുചക്രവാഹനമെന്നത് നല്ലൊരു വിഭാഗവും ആഗ്രഹിക്കുന്നുണ്ട്. കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസ് സർവീസുകൾ മുമ്പത്തെപ്പോലെ സജീവമല്ലാത്തതും ഈ ചിന്തയ്ക്ക് ആക്കം കൂട്ടുന്നു. മനസിൽ മോഹമുണ്ടെങ്കിലും സ്ഥിരം വരുമാനക്കാരല്ലാത്ത ഇടത്തരക്കാർക്ക് അതിന് മാർഗമില്ലെന്നതാണ് സത്യം.വായ്പ തരപ്പെടുത്തി വാങ്ങിയാലും തിരിച്ചടവ് എങ്ങനെ എന്ന ആശങ്കയാണ് പ്രശ്നം. മാത്രമല്ല, പെട്രോൾ വില അടിക്കടി കൂടുന്നത് വാഹനപ്രേമികളെ അലോസരപ്പെടുത്തുന്നുമുണ്ട്. ഇൻഷ്വറൻസ് , രജിസ്ട്രേഷൻ ഫീസുകളും താങ്ങാവുന്നതിനപ്പുറമാണ്. ഡീസൽ, പട്രോൾ വിലകൾ ഏതാണ്ട് ഒപ്പത്തിനൊപ്പമാവുന്നതിനാൽ ഏത് ഇന്ധനമുപയോഗിക്കുന്ന വാഹനം വാങ്ങണമെന്ന ആശയക്കുഴപ്പവും കാർ വിപണിയെ അല്പം ആശയക്കുഴപ്പത്തിലാക്കുന്നു. ഇലക്ട്രിക് വാഹനയുഗത്തിലേക്കെന്ന പ്രചാരണവും മറ്റൊരു വഴിക്കുണ്ട്.
ജില്ലയിലെ ആർ.ടി.ഒ ഓഫീസുകളിലെ രജിസ്ട്രേഷൻ
(ചില ആർ.ടി.ഒ ഓഫീസുകളിലെ കണക്ക് പൂർണ്ണമല്ല.കാറും ഇരുചക്ര വാഹനങ്ങളും മാത്രമാണ് പ്രതിപാദിക്കുന്നത്. ബ്രാക്കറ്റിൽ കഴിഞ്ഞ വർഷം സമാന കാലത്തെ വില്പന)
ചേർത്തല............784 (3039)
ആലപ്പുഴ..............951(2115)
കായംകുളം........1669(3971)
മാവേലിക്കര.......972(1596)
ചെങ്ങന്നൂർ......676(1893)
കുട്ടനാട്...........1033(1856)
6085 : മാർച്ച് മുതൽ ജൂൺ വരെയുള്ള മാസങ്ങളിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾ
'' വാഹനവിപണി മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധിയിലാണ്.സ്വകാര്യ യാത്ര ആൾക്കാർ താത്പര്യപ്പെടുന്ന ഘട്ടമായതിനാൽ വിപണി ഉഷാറാകേണ്ട അന്തരീക്ഷമാണ്. പക്ഷെ ആളുകളുടെ കൈയിൽ പണമില്ലെന്നതാണ് പ്രശ്നം. ധനകാര്യ സ്ഥാപനങ്ങൾ ലളിതമായ വ്യവസ്ഥയിൽ ഫിനാൻസ് നൽകുന്ന സമീപനവും ഉപേക്ഷിച്ചു. വായ്പ 70 ശതമാനം വരെ താഴ്തിയ സ്ഥാപനങ്ങളുണ്ട്.
കമാൽ എം.മാക്കിയിൽ (പ്രസിഡന്റ് , കേരള വ്യാപാരി വ്യവസായി സഹകരണ സംഘം,ഈസ്റ്റ് വെനീസ് മോട്ടോഴ്സ് ഉടമ)