ആലപ്പുഴ: നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള അടങ്കലുകൾ ഇനി മുതൽ 2016ലെ പട്ടിക നിരക്കിൽ തയാറാക്കണമെന്ന സർക്കാർ ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് കണ്ണമ്പള്ളി പറഞ്ഞു. 2018ലെ ഡൽഹി ഷെഡ്യൂൾ ഒഫ് റേറ്റ്സിന്റെ (ഡി. എസ്.ആർ) അടിസ്ഥാനത്തിലാണ് നിലവിൽ സംസ്ഥാനത്തെ നിർമ്മാണ പ്രവർത്തനങ്ങളുടെ എസ്റ്റിമേറ്റ് തയാറാക്കിയിരുന്നത്. കൊവിഡ് 19ന്റെ പശ്ചാത്തലത്തിലാണ് 2016ലെ പട്ടിക നിരക്ക് ഏർപ്പെടുത്താൻ സർക്കാർ മുതിർന്നത്. നാല് വർഷത്തിനിടെ സിമന്റും കമ്പിയും കല്ലുമുൾപ്പെടെ നിർമ്മാണ വസ്തുക്കളുടെ വിലയിൽ 20 മുതൽ 40 ശതമാനം വരെ വർദ്ധനയുണ്ടായതായി കരാറുകാർ ചൂണ്ടിക്കാണിക്കുന്നു.