ആലപ്പുഴ : മുമ്പെങ്ങുമില്ലാത്ത വിധം പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ് സംസ്ഥാനത്തെ എണ്ണയാട്ട് മില്ലുകൾ. അവശ്യവസ്തുക്കളുടെ വിഭാഗത്തിൽപ്പെട്ടിട്ടും വെളിച്ചെണ്ണയുടെ വിൽപ്പനയിൽ കൊവിഡ്കാലത്ത് ഗണ്യമായ കുറവുണ്ടായി. ഗതാഗത സംവിധാനം പൂർണതോതിലായിട്ടില്ലാത്തതിനാൽ പല മില്ലുകളിലും കൊപ്ര എത്തുന്നതിനും തടസമുണ്ട്. സംസ്ഥാനത്തിന്റെ വടക്കൻ ജില്ലകളിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമാണ് കൊപ്ര ആലപ്പുഴയിലെത്തുന്നത്. ഓർഡറുകൾ കുറഞ്ഞതോടെ പേരിനു മാത്രമാണ് പല ഫാക്ടറികളും പ്രവർത്തിക്കുന്നത്.
നാടാകെ നടക്കുന്ന ഭക്ഷ്യക്കിറ്റ് വിതരണം തങ്ങൾക്ക് തിരിച്ചടിയായതായി ചെറുകിട മില്ലുകാർ പറയുന്നു. സന്നദ്ധ സംഘടനകൾ പാക്കറ്റ് വെളിച്ചെണ്ണ ഉൾപ്പടെയാണ് വീടുകളിൽ നൽകുന്നത്. ഇതോടെ ചെറുകിട മില്ലുകളിലെ വിൽപ്പന ഇടിഞ്ഞു. മായം കലർന്ന വെളിച്ചെണ്ണയും വിപണിയിൽ സുലഭമാണ്. വലിയ വില വ്യത്യാസമുള്ളതിനാൽ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായി പലരും ഇത്തരം എണ്ണകൾ വാങ്ങാൻ നിർബന്ധിതരാകുന്നു.
കൊവിഡിനെ പേടിച്ച് തമിഴ്നാട്ടിൽ നിന്നുള്ള കൊപ്ര ശേഖരണം തൽക്കാലത്തേക്ക് നിറുത്തിയവരുമുണ്ട്. വിലക്കുറവ് കാരണമാണ് ചെറുകിട ഫാക്ടറികൾ പലപ്പോഴും കൊപ്രയ്ക്കു വേണ്ടി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്നത്. എന്നാൽ ഗുണനിലവാരത്തിൽ കേരളത്തിലെ തേങ്ങ തന്നെയാണ് മികച്ചതെന്ന് ചെറുകിട - വൻകിട എണ്ണ ഉത്പാദകർ ഒരേ സ്വരത്തിൽ പറയുന്നു. കൊപ്ര ഉണക്കുന്നതിന് മാത്രമായി തമിഴ്നാട്ടിലേക്ക് തേങ്ങ കയറ്റി അയക്കുന്ന സംഘങ്ങളുമുണ്ട്. കാലാവസ്ഥയുടെ പ്രത്യേകതയും, കൂലിയിലെ കുറവുമാണ് ഇതിന് കാരണം.
............
സംരംഭകർ കൂടുന്നു
കൊവിഡ് പ്രതിസന്ധി മൂലം തൊഴിൽ നഷ്ടപ്പെട്ട പല യുവാക്കളും നാളികേര മേഖലയിൽ പുത്തൻ സംരംഭങ്ങൾ ആരംഭിക്കുകയാണ്. തേങ്ങാ കച്ചവടം മുതൽ എണ്ണയാട്ട് വരെ നിരവധിപ്പേർ ആരംഭിച്ചു.
....................
കൊപ്ര വില - 103രൂപ ( കിലോഗ്രാമിന് )
വെളിച്ചെണ്ണ - 182രൂപ ( കിലോഗ്രാമിന് )
................
മായം കലർന്ന വെളിച്ചെണ്ണ നിയന്ത്രിക്കാത്തത് കേരളത്തിലെ ഓയിൽ മില്ലുകൾക്ക് വെല്ലുവിളിയാണ്. പരിശോധനയിൽ പിടിക്കപ്പെടുമ്പോൾ, വ്യാജൻമാർ മറ്റൊരു പേരിൽ വീണ്ടും വിപണിയിലെത്തുകയാണ്.
- ജെ.എസ്.ഷിബു, ചന്ദ്ര ഓയിൽ മിൽ
രോഗവ്യാപനം എണ്ണയാട്ട് വ്യവസായത്തെയും തളർത്തി. കച്ചവടം ഗണ്യമായി കുറഞ്ഞു. പുതിയ ബ്രാൻഡുകൾ കിട്ടുമ്പോൾ, വെളിച്ചെണ്ണയുടെ ഗുണനിലവാരം പലരും പരിശോധിക്കാറില്ല.
- വിനോദ്കുമാർ മാരാരി ഓയിൽ മിൽ