കായംകുളം: കായംകുളം നഗരസഭയിൽ കോവിഡ് 19 നിയന്ത്രണാതീതമാവുന്നത് അധികാരികളുടെ അനാസ്ഥ കാരണമാണന്ന് മുൻ മുൻസിപ്പൽ ചെയർമാൻ അഡ്വ: സി ആർ ജയപ്രകാശ് ആരോപിച്ചു.
റവന്യൂ, ആരോഗ്യം, പൊലീസ് എന്നീ വകുപ്പുകളുടെ കൂട്ടായ പ്രവൃത്തനത്തിലൂടെ മാത്രമെ ഈ മഹാമാരിയെ നിയന്ത്രണ വിധേയമാക്കാൻ കഴിയൂ. ഈ വകുപ്പുകളെ സംയോജിപ്പിക്കുന്നതിലും ജനങ്ങൾക്ക് ആവശ്യമായ ബോധവൽകരണം നൽകുന്നതിലും നഗരസഭ പാരാജയപ്പെട്ടു.
അടിയന്തര സാഹചര്യം കണക്കിലെടുത്ത് കളക്ടർ നഗരസഭാ പരിധി കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചെങ്കിലും വേണ്ട ശ്രദ്ധ ഉണ്ടാകാത്തതിൽ ജനങ്ങൾക്ക് വലിയ അമർഷമുണ്ട്. ടൗണിൽ വ്യാപാര സ്ഥാപനങ്ങൾ കളക്ടറുടെ ഉത്തരവിനെ തുടർന്ന് അടച്ചെങ്കിലും പട്ടണത്തിന്റെ പ്രാധനപ്പെട്ട തെരുവുകളിലും റെസിഡൻഷ്യൽ ഏരിയയിലും ലൈസൻസ് പോലുമില്ലാതെ അന്യ സംസ്ഥാനത്തു നിന്നും വാഹനത്തിൽ കൊണ്ട് വന്നു സാധനങ്ങൾ പരസ്യമായി വിൽപന നടത്തുന്നുണ്ട്.
ജില്ലാ കളക്ടർ അടിയന്തരമായി നേരിട്ട് ഇടപെട്ട് ഈ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ജയപ്രകാശ് ആവശ്യപ്പെട്ടു.