കായംകുളം: കായംകുളത്ത് കോവിഡ് 19 സാമൂഹ്യ വ്യാപനം സംഭവിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കായംകുളം റെഡ് സോണായി പ്രഖ്യാപിക്കണമെന്ന് ബി.ജെ.പി മുനിസപ്പൽ പാർലമെന്ററി പാർട്ടി നേതാവ് ഡി. അശ്വനീദേവ് ആവശ്യപ്പെട്ടു.

കായംകുളം മാർക്കറ്റിലേക്ക് അന്യസംസ്ഥാന ലോറികളും തൊഴിലാളികളും വരുന്നത് ആദ്യഘട്ടത്തിൽ തന്നെ തടയുന്നതിൽ അധികൃതർക്കുണ്ടായ വീഴ്ചയാണ് സ്ഥിതിഗതികൾ ഗുരുതരമാക്കിയത്. എത്ര ലോറികളും തൊഴിലാളികളും എവിടെ നിന്നൊക്കെ വന്നു എന്നതിന്റെ ഒരു വിവരവും ശേഖരിക്കപ്പെട്ടില്ല. അതുകൊണ്ട് തന്നെ ഇപ്പോഴുണ്ടായ രോഗവ്യാപനത്തിന്റെ ഉറവിടം കണ്ടെത്താൻ സാധിക്കുന്നില്ല.

അന്യസംസ്ഥാനത്ത് നിന്ന് ഇപ്പോഴും വാഹനങ്ങൾ കായംകുളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വരുന്നുണ്ട്. ഇത് തടഞ്ഞ് കേസെടുക്കുവാൻ പൊലീസും നഗരസഭാ അധികൃതരും ഇപ്പോഴും തയ്യാറാകുന്നില്ല. സമൂഹ വ്യാപന സാധ്യതയുള്ള സ്ഥലങ്ങളിൽ നിയമങ്ങൾ കർശനമായി നടപ്പാക്കുന്നതിന് കൂടുതൽ പൊലീസ് സേനയെ വിന്യസിക്കുവാൻ ജില്ലാ കളക്ടർ തയ്യാറാകണം.