ph

കായംകുളം: പ്രായം തളർത്തിയെങ്കിലും കൃഷ്ണൻ നായരുടെ ഓർമ്മകളിൽ നിറയുകയാണ് ആ പഴയ യുദ്ധകാലം. 1962 ലെ ഇന്ത്യാ-ചൈന യുദ്ധത്തിലും പാക്കിസ്ഥാനുമായുള്ള യുദ്ധങ്ങളിലും പങ്കെടുത്തിട്ടുണ്ട് 86 കാരനായ മുതുകുളം കൈപ്പുഴ വീട്ടിൽ പി.എം കൃഷ്ണൻ നായർ.1934 ൽ കായംകുളം പെരിങ്ങാല പരപ്പാടി കിഴക്കത്തിൽ തറയിൽ വീട്ടിൽ ജി. മാധവൻ പിള്ളയുടെയും പി. കെ. ജാനകിയുടെയും മകനായി ജനിച്ചു.പത്താംതരം കഴിഞ്ഞ് മുംബയിൽ പ്രൈവറ്റ് കമ്പനിയിൽ ജോലിക്കാരനായി. പിന്നീട്, ഒരു ഇംഗ്ലീഷ് പത്രത്തിൽ ഇന്ത്യൻ എയർഫോഴ്സിന്റെ റിക്രൂട്ട്മെന്റ് പരസ്യം കണ്ട് അപേക്ഷ അയച്ചു.

1954 ൽ എയർഫോഴ്സിൽ ചേർന്നു. ഏഴുവർഷം മുംബയിൽ ജോലി ചെയ്തു 1962 ൽ ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ പോസ്റ്റിംഗ് കിട്ടിയപ്പോൾ ആണ് ചൈന ഇന്ത്യയെ ആക്രമിക്കുന്നത്. ചൈനീസ് ആക്രമണം നേരിടാനുള്ള സൈനിക ശക്തി ഇന്ത്യ അന്ന് നേടിയിരുന്നില്ല ആധുനിക വിമാനങ്ങളോ, ആയുധങ്ങളോ ഇല്ല. ബ്രിട്ടീഷ് ഡെക്കോട്ട, സീഹോക്ക്, ഹണ്ടേഴ്സ് എന്നീ വിമാനങ്ങൾ മാത്രമായിരുന്നു ഇന്ത്യൻ എയർ ഫോഴ്‌സിനുണ്ടായിരുന്നത് .

എയർഫോഴ്സ് സ്റ്റേഷനായ കാർനിക്കോബാർ എയർപോർട്ടിൽ നിന്നും കൃഷ്ണൻനായർ ഉൾപ്പെടുയള്ള സൈനികർ യുദ്ധമുന്നണിയിൽ പറന്നിറങ്ങി ധീരമായി ചൈനയോട് പൊരുതി. 1965 ,71 വർഷങ്ങളിലെ പാകിസ്ഥാൻ യുദ്ധത്തിലും ഇന്ത്യൻ എയർഫോഴ്‌സിന്റെ ഭാഗമായി പങ്കെടുത്തു. സൈനിക സേവനത്തിന് 1973 ഇൽ അന്നത്തെ രാഷ്ട്രപതി വി. വി. ഗിരിയിൽ നിന്നും 'ബെസ്റ്റ് അഡ്മിനിസ്ട്രേറ്റർ ഇൻ എയർഫോഴ്‌സ് ' മെഡൽ ഏറ്റുവാങ്ങി. കൂടാതെ 'മെറിറ്റോറിയസ് മെഡൽ 'യുദ്ധമുന്നണിയിൽ കാട്ടിയ ധീരതയ്ക്ക് 'വാർഫ്രണ്ട് ആക്റ്റീവ് സർവീസ് മെഡൽ ' എന്നിവയും ലഭിച്ചു.

36 വർഷത്തെ മികച്ച സൈനിക സേവനത്തിനു ശേഷം 1990 ൽ വിരമിച്ച കൃഷ്ണൻ നായർ ഭാര്യ രാധാമണിയോടൊപ്പം വിശ്രമ ജീവിതം നയിക്കുകയാണ്. ഏക മകൾ സുനിത ഭർത്താവിനൊപ്പം വിദേശത്താണ്.

കഴിഞ്ഞ ദിവസം കരുണ സാമൂഹികവേദിക്കുവേണ്ടി സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സി. കമ്മിറ്റി അംഗം മുഞ്ഞിനാട്ട് രാമചന്ദ്രൻ കരുണ പ്രസിഡന്റ് എൻ. രാജ്‌നാഥ് എന്നിവർ കൃഷ്ണൻ നായരെ പൊന്നാട അണിയിച്ച് ആദരിച്ചിരുന്നു.