icon

ആലപ്പുഴ:ചെങ്ങന്നൂർ താലൂക്കി​ലെ ഓൺലൈൻ അദാലത്തിൽ ഓൺലൈനിൽ വന്ന 10 പരാതികൾ തീർപ്പാക്കി. വ്യത്യസ്ത വകുപ്പുകളുമായി ബന്ധപ്പെട്ട പരാതി​കൾക്ക് നിയമാനുസൃതമായ നടപടി കൈക്കൊള്ളാൻ കളക്ടർ നിർദ്ദേശം നൽകി.

പതി​റ്റാണ്ടുകളായി ആധാരമില്ലാത്ത സ്ഥലത്ത് താമസിച്ച് വന്നിരുന്ന ചെങ്ങന്നൂർ കല്ലിശ്ശേരി പഴയപീടികയിൽ മേരിക്കുട്ടി ജേക്കബിനും പഴയപീടകയിൽ ലീലാമ്മ കുര്യനും ആധാരം ലഭ്യമാക്കാനുള്ള നടപടിക്ക് നി​ർദ്ദേശം നൽകി​. പ്രളയ ദുരിതാശ്വാസ തുക കിട്ടാനുണ്ടായിരുന്ന തിരുവൻമണ്ടൂർ മാവേലിത്തറ വീട്ടിൽ വത്സല സോമനും തിരുവൻമണ്ടൂർ തുണ്ടിക്കണ്ടത്തിൽ വത്സല രവിക്കും ഫണ്ടിന്റെ ലഭ്യതയ്ക്ക് വിധേയമായി തുക അനുവദി​ക്കാനുള്ള തീരുമാനവും എടുത്തു. ജില്ലയിലെ രണ്ടാമത്തെ ഓൺലൈൻ അദാലത്താണ് ചെങ്ങന്നൂരിലേത്. പരാതിക്കാർ തൊട്ടടുത്തുള്ള അക്ഷയ സെന്ററിൽ എത്തിയാണ് വീഡിയോ കോൺഫറൻസിലൂടെ കളക്ടറെ പരാതികൾ നേരിട്ട് അറിയിച്ചത്.

ജില്ലാ കളക്ടറുടെ ചേംമ്പറിൽ നടന്ന അദാലത്തിൽ എ.ഡി.എം വി.ഹരികുമാർ, ഭൂരേഖാ ഡെപ്യൂട്ടി കളക്ടർ സ്വർണമ്മ, വിവിധ വകുപ്പ് തല മേധാവികൾ, ചെങ്ങന്നൂർ താലൂക്കിന് കീഴിലുള്ള തദ്ദേശ സ്വയംഭരണ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.